കോട്ടയം: ജില്ലയിൽ ബിജെപിക്കുണ്ടായ വളർച്ച ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. ബിജെപിയോട് ക്രൈസ്തവ ന്യൂനപക്ഷങ്ങൾ അടുക്കുന്ന സ്ഥിതിയുണ്ട്. ഇത് തടയാനുളള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്നും എസ്ആർപി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഇടതുജനാധിപത്യ മുന്നണിയിലേക്ക് അടുപ്പിക്കാൻ സിപിഎമ്മിന്റെ വരവോടെ സാധിച്ചുവെന്നും, എന്നാൽ സിപിഎമ്മിൽ നിന്ന് ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ഇപ്പോഴും അകന്നു തന്നെ നിൽക്കുകയാണെന്നും എസ്.ആർ.പി പറഞ്ഞു.
കോട്ടയം ജില്ലാ സമ്മേളനത്തിലും ചൈനയെ പ്രകീർത്തിച്ച് കൊണ്ടുള്ള പ്രസംഗമാണ് എസ്ആർപി നടത്തിയത്. ചൈനയെ വളയാനും കടന്നാക്രമിക്കാനും രാജ്യാന്തര തലത്തിൽ അമേരിക്ക രൂപീകരിച്ച സഖ്യത്തിൽ ഇന്ത്യയും പങ്കു ചേർന്നിരിക്കുകയാണ്. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈനയ്‌ക്ക് മാത്രമേ കഴിയൂ. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണ്.
ഇന്ത്യയിൽ ചൈനയ്‌ക്കെതിരെയുള്ള എതിർപ്പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കാൻ വേണ്ടിയുള്ളതാണെന്നും എസ്ആർപി ആരോപിച്ചു. കൂടാതെ കാശ്മീരിൽ കേന്ദ്രം മുസ്‌ലിം ഭൂരിപക്ഷം ആക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരള പോലീസിനെതിരെയും രൂക്ഷ വിമർശനമാണ് രാമചന്ദ്രൻ പിള്ള നടത്തിയത്.
Post Your Comments