തിരുവനന്തപുരം : പീഡനത്തിന് ഇരയായ പെണ്‍കുട്ടി മനോനില തകര്‍ന്ന നിലയില്‍ കോടതിയിലെത്തി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതില്‍ മൊഴി നല്‍കാന്‍ എത്തിയ കുട്ടിയുടെ അവസ്ഥ കണ്ട് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
പോക്‌സോ കേസില്‍ മൊഴി നല്‍കാനാണ് പെണ്‍കുട്ടി കോടതിയില്‍ എത്തിയത്. സംഭവത്തെക്കുറിച്ചു ജഡ്ജി ആര്‍.ജയകൃഷ്ണന്‍ ചോദിച്ചപ്പോള്‍ ”എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം” എന്നായിരുന്നു കുട്ടിയുടെ വാക്കുകള്‍. മനോനില തകര്‍ന്ന കുട്ടിക്കു വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ കോടതിയോടു പറഞ്ഞു.ഇതു പരിഗണിച്ചു കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
2013 ല്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ജന്മനാ മാനസിക വെല്ലുവിളി നേരിട്ട കുട്ടിയെ സമീപത്തുള്ള 2 പേരാണു പീഡിപ്പിച്ചത്. അമ്മ തടഞ്ഞിട്ടും പ്രതികള്‍ കുട്ടിയെ വിട്ടില്ല. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിനു ശേഷം കുട്ടിയുടെ മനോനില കൂടുതല്‍ താളം തെറ്റി. മാനസിക വെല്ലുവിളിയുള്ള അമ്മയും 90 വയസ്സായ അമ്മൂമയും മാത്രമാണ് കുട്ടിക്കുള്ളത്. അതിനാല്‍ കുട്ടിയെ ചികിത്സയ്ക്കു കൊണ്ടു പോകാന്‍ ആരുമില്ല. അതിനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. കുറച്ചു വര്‍ഷങ്ങളായി കുട്ടി നേരെ സംസാരിക്കുന്നില്ല. കുട്ടിയെ ചികിത്സിക്കട്ടെ എന്ന് അമ്മയോടും അമ്മൂമ്മയോടും കോടതി ചോദിച്ചപ്പോള്‍ ഇരുവരും സമ്മതിച്ചു. ചികിത്സയ്ക്കു വേണ്ട സഹായം നല്‍കാന്‍ കോടതി പൂജപ്പുര പൊലീസിനു നിര്‍ദ്ദേശം നല്‍കി.
Post Your Comments