തിരുവനന്തപുരം: പ്രണയബന്ധത്തില്‍നിന്ന് പിന്മാറുന്ന വ്യക്തിയെ സ്വഭാവഹത്യ ചെയ്യുന്നത് തെറ്റാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി. പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരായ യുവതലമുറയാണ് വളര്‍ന്നു വരുന്നതെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്നും, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രണയിച്ചയാളെ അധിക്ഷേപിക്കുന്ന പ്രവണത ഏറിവരികയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
‘പ്രണയത്തില്‍ നിന്ന് പിന്മാറുന്ന പങ്കാളിയെ ഇല്ലാതാക്കുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാന്‍ പരിശീലിക്കുക എന്നത് എല്ലാ ബന്ധങ്ങളിലും അത്യന്താപേക്ഷിതമാണ്’, സതീദേവി അഭിപ്രായപ്പെട്ടു.
അതേസമയം, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് ഓരോ സ്ഥാപനത്തിലും ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. നിലവിലെ നിയമങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ നടപടിയുണ്ടാകണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റികള്‍ ശക്തമാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
Post Your Comments