തിരുവനന്തപുരം: പതിനൊന്നു വർഷത്തിന് ശേഷം കെ.എസ്.ആർ.ടി.സി.യിൽ പുതിയ ശമ്പളക്കരാർ ഒപ്പുവെച്ചു. കുറഞ്ഞ അടിസ്ഥാനശമ്പളം 23,000 രൂപയും കൂടിയത് 1,05,300 രൂപയുമായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2021 ജൂണിൽ ലഭിച്ചതിനെ അപേക്ഷിച്ച് 4700 രൂപ മുതൽ 16,000 രൂപയാണ് ജീവനക്കാർക്ക് കൂടുതലായി ലഭിക്കുകയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പതിനൊന്നാം ശമ്പളക്കമ്മിഷൻ മാതൃകയിൽ മാസ്റ്റർ സ്കെയിലും നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ കരാറിന്റെ കാലാവധി 2016-ൽ അവസാനിച്ചിരുന്നു. സംഘടനകളുമായുള്ള ചർച്ചകൾക്കുശേഷമാണ് പുതിയ കരാർ നിലവിൽ വരുന്നത്. മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറും ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമാണ് കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.
2021 ജൂൺ ഒന്നു മുതൽ അഞ്ചു വർഷം വരെയാണ് പുതിയ കരാർ നിലനിൽക്കുക. ജനുവരിയിലെ ശമ്പളം മുതൽ ജീവനക്കാർക്ക് പുതിയ ആനുകൂല്യം ലഭ്യമാകുമെന്ന് അധികാരികൾ അറിയിച്ചു. ധനകാര്യവകുപ്പും സഹകരണവകുപ്പുമായി ആലോചിച്ച് പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ച് കരാറിൽ ഉൾപ്പെടുത്തുമെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
Post Your Comments