കുവൈത്ത് സിറ്റി: ജീവനക്കാർക്ക് മാസ്‌കില്ലെങ്കിൽ 5000 ദിനാർ പിഴ ചുമത്തുമെന്ന നിർദ്ദേശവുമായി കുവൈത്ത്. ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിച്ചില്ലെങ്കിൽ 5000 ദിനാർ വരെ പിഴ അടക്കേണ്ടിവരുമെന്നാണ് മുനിസിപ്പൽ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 2020 ലാണ് നിയമം പ്രാബല്യത്തിൽ വന്നത്. പിന്നീട് ഈ നിയമം ഒഴിവാക്കിയെങ്കിലും രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും നിയമം പ്രാബല്യത്തിൽ വരികയായിരുന്നു.
മാസ്‌ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കുന്ന സ്ഥാപനമുടമകളും പിഴ അടക്കേണ്ടിവരും. സ്ഥാപനങ്ങളിൽ എത്തുന്നവരോടെ മാസ്‌ക് ധരിക്കാൻ ജീവനക്കാർ ആവശ്യപ്പെടണമെന്നാണ് നിർദ്ദേശം. നിരാകരിക്കുകയാണെങ്കിൽ അവരെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുത്. സഹായത്തിനായി സെക്യൂരിറ്റി ഗാർഡിനെയും പൊലീസിനെയും ബന്ധപ്പെടാം. നിയമം പാലിക്കാത്ത ഉപഭോക്താവിനെ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കോടതിയിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
രണ്ടാഴ്ചക്കിടെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത 90 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പ്രസ്തുത സ്ഥാപന ഉടമകൾ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റിലെത്തി സത്യവാങ്മൂലം ഒപ്പിട്ട് നൽകിയാൽ വീണ്ടും തുറക്കാൻ അനുമതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments