കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന അവസാനിച്ചു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ഹാർഡ് ഡിസ്കകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ദിലീപിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡുകൾ നടന്നത്. ഇതിൽ ദിലീപിന്‍റെ വീട്ടിലെ റെയ്ഡ് മാത്രമാണ് പൂർത്തിയായത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നിർണായക നീക്കങ്ങൾ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടു, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി തുടങ്ങിയ വിവരങ്ങളാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
ഇത് സത്യമാണോ എന്ന് പരിശോധിക്കുകയാണ് പരിശോധനയുടെ പ്രധാന ഉദ്ദേശം.പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കുകളും, മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. നടിയുടെ ദൃശ്യങ്ങൾ ഫോണിലോ ഹാർഡ് ഡിസ്‌കിലോ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്.ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നു.
എന്നാൽ തോക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിച്ച വിവരം. അതേസമയം നടിയെ ആക്രമിച്ച കേസിൽ വിധിവരാനിരിക്കെ ദിലീപിനെതിരെ പെട്ടെന്ന് ഉണ്ടായ വെളിപ്പെടുത്തലും അന്വേഷണവും എല്ലാം ആസൂത്രിതമാണെന്നാണ് ദിലീപിന്റെ ആരാധകർ പറയുന്നത്. ഇത് ശരിവെച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുൻപ് ദിലീപിനെ എതിർത്തവർ പോലും ഇപ്പോൾ ദിലീപിന് പിന്തുണയുമായി രംഗത്തുണ്ട്.
Post Your Comments