Latest NewsKeralaInternational

തുര്‍ക്കി ലുലുവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം: മലയാളി നാട്ടിലേക്ക് മുങ്ങി

ലുലു ഇസ്താംബുള്‍ ഓഫിസിലെ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയര്‍മാരുമായി ഇടപാടുകള്‍ ആരംഭിച്ച്‌ വന്‍ അഴിമതി നടത്തിയെന്നാണ് പരാതി

ഇസ്താംബുള്‍/അബുദാബി: തുര്‍ക്കിയില്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളമാണ് തുര്‍ക്കിയില്‍ നിന്നും നാടകീയമായി നാട്ടിലേക്ക് മുങ്ങിയത് എന്നാണ് ആരോപണം. സിറാജ് ഡെയ്‌ലി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുള്‍ ഓഫിസിലെ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയര്‍മാരുമായി ഇടപാടുകള്‍ ആരംഭിച്ച്‌ വന്‍ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യു.എസ്. ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവില്‍ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത് എന്നും ആരോപണമുണ്ട്.

അവധി കഴിഞ്ഞ തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാകാന്‍ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നല്‍കിയാണ് അനീഷ് ഇന്നലെ നാട്ടിലേക്ക് രക്ഷപ്പെട്ടത്.

അനീഷിനെതിരെ ഇസ്താംബുള്‍ പോലീസ്, ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു. വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിക്കുന്നത് എന്നാണ് വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button