ന്യൂഡല്‍ഹി; പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റ് തടഞ്ഞതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരെ ഭീഷണി സന്ദേശം. ജഡ്ജിമാര്‍ക്കുള്ള ഭീഷണി സന്ദേശം സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ ഫോണുകളിലേക്കാണ് അയച്ചിരിക്കുന്നത്. നിരവധി പ്രമുഖ അഭിഭാഷര്‍ക്ക് സമാനമായ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പലതും ഓട്ടോമെറ്റഡ് സന്ദേശങ്ങളാണ്. ഒരേ സന്ദേശത്തിന്റെ പകര്‍പ്പുകളാണ് ലഭിച്ചിരിക്കുന്നത്.
സന്ദേശം ലഭിച്ച ദീപക് പ്രകാശ് പോലിസില്‍ പരാതി നല്‍കി. രാജ്യത്ത് കലാപമുണ്ടാക്കുമെന്നും സന്ദേശത്തില്‍ പറയുന്നതായി അദ്ദേഹം ആരോപിച്ചു. അന്വേഷണം തുടര്‍ന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുമെന്നും പറയുന്നു.
ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. രാവിലെ 10 മണിയോടെയാണ് സന്ദേശം ലഭിച്ചത്. സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകരാണ് മോദിയുടെ വാഹനവ്യൂഹം തടഞ്ഞിട്ടതെന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നു.
പഞ്ചാബിലെ ബത്തിന്‍ദയില്‍ നിന്ന് ഫിറോസാപൂരിലേക്കുള്ള യാത്രക്കിടയിലാണ് ഫ്ളൈ ഓവറില്‍ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞിട്ടത്. സുരക്ഷാഭീഷണിയുടെ സാഹചര്യത്തില്‍ അദ്ദേഹം തന്റെ പരിപാടി മാറ്റിവച്ച് മടങ്ങുകയും ചെയ്തു.
Post Your Comments