റിയാദ്: മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി. സൗദി രാജകുടുംബാംഗം ബസ്മ ബിന്ദ് സൗദ് ആണ് മോചിതയായത്. മനുഷ്യാവകാശ പ്രവര്‍ത്തകയും വ്യവസായിയുമായ 57കാരി ബസ്മ ബിന്ദ് സൗദ് തന്റെ മകളോടൊപ്പമാണ് തടവില്‍ കഴിഞ്ഞിരുന്നത്.
അല്‍ക്വസ്റ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് രാജകുമാരിയുടേയും മകളുടേയും മോചനവിവരം ട്വീറ്റ് ചെയ്തത്. ‘2019 മാര്‍ച്ച് മുതല്‍ തടവിലുള്ള ബസ്മ ബിന്ദ് സൗദും അവരുടെ മകള്‍ സുഹൗദും ജേയില് മോചിതരായി’, ട്വീറ്റില്‍ പറയുന്നു.
അതേസമയം, ജയില്‍ മോചിതയായ ശേഷം സല്മാന് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞുകൊണ്ട് രാജകുമാരി ആദ്യമായി പങ്കുവെച്ച ട്വീറ്റ് വൈറലായി. ‘കാരുണ്യവാനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍ നമ്മുടെ ഭരണാധികാരിയായ മുഹമ്മദിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടാളികള്‍ക്കും പ്രാര്‍ത്ഥനയും സമാധാനവും. ലോകനാഥനായ ദൈവത്തിന് സ്തുതി. സല്മാന് രാജാവിനും കിരീടാവകാശിയായ ഹിസ് റോയല്‍ ഹൈനസ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും എന്റെ നന്ദി. ദൈവം അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ’- രാജകുമാരി ട്വീറ്റ് ചെയ്തു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഭരണഘടനയിലൂന്നിയ ഭരണത്തിന് വേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ആക്ടിവിസ്റ്റ് കൂടിയാണ് ഇവര്‍. 2019 മാര്‍ച്ചിലാണ് ഇവര്‍ തടവിലടക്കപ്പെട്ടത്.
2018 ജനുവരിയില്‍ ബിബിസി അറബിക്കിന് നല്കിയ അഭിമുഖത്തില്‍ യെമനില്‍ സൗദി സേന നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഇവരെ മുഖ്യധാരാ മാധ്യമങ്ങളില്‍ കണ്ടിട്ടില്ല. 1953 മുതല്‍ 1964 വരെ സൗദിയുടെ രാജാവായിരുന്ന സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഇളയ മകളാണ് ബസ്മ ബിന്ദ് സൗദ്.
Post Your Comments