ചെന്നൈ : കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടർന്ന് വിഷം കഴിച്ച 23 കാരിയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടു. തമിഴ്‌നാട് മധുര സ്വദേശിയായ ജോതികയാണ് മരണപ്പെട്ടത്. അമ്മയും സഹോദരന്മാരും ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചിരുന്നു. ഇവരിൽ മൂന്ന് പേർ രക്ഷപ്പെട്ടു.
മരണപ്പെട്ട ജോതിക ഭർത്താവുമായി പിരിഞ്ഞ് അമ്മ ലക്ഷ്മിയോടൊപ്പമാണ് താമസിച്ചിരുന്നത്. ജനുവരി എട്ടിന് ജോതികയ്ക്ക് കോവിഡ് ബാധിച്ചു. ഇത് അമ്മയോട് പറഞ്ഞതോടെ എല്ലാവർക്കും അണുബാധ പടരുമെന്ന് ഭയന്ന് കുടുംബം വിഷം കഴിക്കുകയായിരുന്നു. എന്നാൽ, ഇവരെ ആരെയും പിന്നീട് പുറത്തേക്ക് കാണാതായതോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് അവശനിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Read Also : ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യാൻ തക്കാളി..!
പോലീസ് എത്തി അഞ്ചുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോതികയുടെയും മകന്റെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കോവിഡ് പോസിറ്റീവായാൽ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Post Your Comments