തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്ക്കെതിരെ നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. പല മുൻകാല അനുഭവങ്ങളും വച്ച് പാരിസ്ഥിതിക അവകാശവാദങ്ങളെ സംശയിക്കുന്നവരെ താൻ പഴിക്കില്ലെന്നും ഇത്തരം ജനകീയജാഗ്രത നല്ലതാണെന്നും തോമസ് ഐസക് പറഞ്ഞു.
‘പാരിസ്ഥിതിക പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഒട്ടേറെപ്പേർ ആശങ്കപ്പെടുന്നത്. അവയെല്ലാം അടിസ്ഥാനരഹിതമാണെന്നു പറയാനാവില്ല. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ വിശദമായി പഠിച്ച് അവ ഓരോന്നിനും പ്രതിവിധികൾ കണ്ടെത്തിക്കൊണ്ടുവേണം പദ്ധതി നടപ്പാക്കാൻ’, തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
‘പാരിസ്ഥിതിക പ്രത്യാഘാതം പരമാവധി കുറയ്ക്കാൻപറ്റുന്ന രീതിയിലാണ് പ്രൊജക്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ ഓരോ പ്രദേശത്തെയും നീർച്ചാലുകളും ഭൂപ്രകൃതിയെയും കണക്കിലെടുത്ത് സൂക്ഷ്മമായി ഇനിയും പരിശോധിക്കേണ്ടതുണ്ട്. ഇതിനാണ് അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തെയും അതിർത്തികൾ രേഖപ്പെടുത്താൻ ശ്രമിക്കുന്നത്. ആ പരിശോധന പൂർത്തീകരിച്ച് അന്തിമ അംഗീകാരവുംകൂടി ലഭിച്ചശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റും കഴിയൂ. എന്നാൽ ഇത്തരമൊരു പാരിസ്ഥിതിക പരിശോധനയെ തടസ്സപ്പെടുത്തുംവിധമാണ് ഭൂമി നഷ്ടപ്പെടുന്നതിനെക്കുറിച്ചു പരിഭ്രാന്തി സൃഷ്ടിച്ച് പ്രാദേശികമായി ജനങ്ങളെ ഇളക്കാൻ ജമാ-അത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫും ശ്രമിക്കുന്നത്’, തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
കെ-റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഒട്ടേറെപ്പേർ ആശങ്കപ്പെടുന്നത്. അവയെല്ലാം അടിസ്ഥാനരഹിതമാണെന്നു പറയാനാവില്ല. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ വിശദമായി പഠിച്ച് അവ ഓരോന്നിനും പ്രതിവിധികൾ കണ്ടെത്തിക്കൊണ്ടുവേണം പദ്ധതി നടപ്പാക്കാൻ.
പാരിസ്ഥിതിക പ്രത്യാഘാതം പരമാവധി കുറയ്ക്കാൻപറ്റുന്ന രീതിയിലാണ് പ്രൊജക്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ ഓരോ പ്രദേശത്തെയും നീർച്ചാലുകളും ഭൂപ്രകൃതിയെയും കണക്കിലെടുത്ത് സൂക്ഷ്മമായി ഇനിയും പരിശോധിക്കേണ്ടതുണ്ട്. ഇതിനാണ് അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തെയും അതിർത്തികൾ രേഖപ്പെടുത്താൻ ശ്രമിക്കുന്നത്. ആ പരിശോധന പൂർത്തീകരിച്ച് അന്തിമ അംഗീകാരവുംകൂടി ലഭിച്ചശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റും കഴിയൂ. എന്നാൽ ഇത്തരമൊരു പാരിസ്ഥിതിക പരിശോധനയെ തടസ്സപ്പെടുത്തുംവിധമാണ് ഭൂമി നഷ്ടപ്പെടുന്നതിനെക്കുറിച്ചു പരിഭ്രാന്തി സൃഷ്ടിച്ച് പ്രാദേശികമായി ജനങ്ങളെ ഇളക്കാൻ ജമാ-അത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫും ശ്രമിക്കുന്നത്.
പല മുൻകാല അനുഭവങ്ങളുംവച്ച് പാരിസ്ഥിതിക അവകാശവാദങ്ങളെ സംശയിക്കുന്നവരെ ഞാൻ പഴിക്കില്ല. ഇത്തരം ജനകീയജാഗ്രത നല്ലതാണ്. പക്ഷെ വിശദമായ പഠനം നടത്താനേ അനുവദിക്കില്ലായെന്ന നിലപാട് വികസന വിരുദ്ധമാണ്. പ്രളയത്തിൽ നിന്നും പാഠങ്ങൾ പഠിച്ചിട്ടില്ലായെന്നും ആ അനുഭവങ്ങളെ വിസ്മരിച്ചിരിക്കുന്നുവെന്നുമുള്ള അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഉദാഹരണത്തിനു ഡോ. കെ.പി. കണ്ണന്റെ അഞ്ചാമത്തെ ചോദ്യം ഇതാണ്: “UN PDNA റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുള്ളതും സർക്കാർ അംഗീകരിച്ചതുമായ അജണ്ടയുടെ ഇന്നത്തെ സ്ഥിതി എന്താണ്? പ്രത്യേകിച്ചും (a) സ്ഥല-ജല മാനേജ്മെന്റ്, (b) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ ഉപയോഗം (ഉദാ: നിർമ്മാണപ്രവർത്തനങ്ങൾ, ഊർജം..) (c) സാമൂഹ്യ നീതിയിലും ഉൾക്കൊള്ളലിലും അധിഷ്ഠിതമായ വികസനം എന്നിവ?”
സ്ഥലജല മാനേജ്മെന്റിനു വേണ്ടിയുള്ള നീർത്തടാടിസ്ഥാന ആസൂത്രണമായിരിക്കും വികേന്ദ്രീകൃതാസൂത്രണത്തിന്റെ അടുത്തഘട്ടമെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന്റെ ഏറ്റവും നല്ല മാതൃകയാണ് കാട്ടാക്കട, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ. ഇത്തരം നീർത്തടാധിഷ്ടിതാസൂത്രണം മറ്റിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന വേളയിൽതന്നെ പുഴകളുടെയും ജലാശയങ്ങളുടെയും ശുചീകരണം, വലിയ തോതിലുള്ള മരം നടീൽ, മാലിന്യസംസ്കരണം തുടങ്ങിയവ ഹരിതമിഷന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളുടെ പ്രോത്സാഹനത്തിന് കഴിഞ്ഞ ബജറ്റിൽതന്നെ പല നൂതനമായ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഉൾച്ചേർന്ന വികസനസമീപനത്തിനു കേരളത്തേക്കാൾ മെച്ചപ്പെട്ടൊരു മാതൃക ഇന്നുണ്ടോ?
കെ-റെയിനെക്കുറിച്ചുള്ള വലിയൊരു വിമർശനം അതു കേരളത്തെ രണ്ടായി പിളർക്കുമെന്നുള്ളതാണ്. ഭൂരിപക്ഷഭാഗം റെയിലും എംബാങ്ക്മെന്റിലൂടെയാണ്. എംബാങ്ക്മെന്റ് എന്നാൽ റെയിൽവേ ലൈൻ സ്ഥാപിക്കുന്ന മൺതിട്ടയാണ്. നിലവിലുള്ള റെയിൽപ്പാതകളും ഇത്തരം മൺതിട്ടകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. തിരൂർ മുതൽ കാസർഗോഡ് വരെ നിലവിലുള്ള റെയിൽ പാതയ്ക്ക് സമാന്തരമായിട്ടാണ് കെ റെയിൽ പാളം എന്നുള്ളത് കൊണ്ട് അത് ഈ പ്രദേശത്ത് ഒരു പുതിയ പിളർപ്പും സൃഷ്ടിക്കാൻ പോകുന്നില്ല എന്നത് വ്യക്തമാണല്ലോ. എന്നാൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഇന്നുള്ള എംബാങ്ക്മെന്റുകളേക്കാൾ കൂടുതൽ ഉയരമുണ്ടായിരിക്കും. അത് ഓരോ പ്രദേശത്തും വ്യത്യസ്തവും ആയിരിക്കും.
530 കിലോമീറ്റർ നീളമുള്ള കെ-റെയിൽ പാതയുടെ 137 കിലോമീറ്റർ ട്രാക്ക് തൂണുകളിലൂടെയോ തുരങ്കങ്ങളിലൂടെയോ ആണ്. അല്ലാത്തിടങ്ങളിൽ പാതയ്ക്കു കുറുകേ സഞ്ചരിക്കുന്നതിന് 500 മീറ്റർ ഇടവിട്ട് ഓവർ ബ്രിഡ്ജുകളോ അടിപ്പാതകളോ നിർമ്മിക്കും. ട്രാക്കിലേക്ക് ആളുകളോ മൃഗങ്ങളോ കടക്കുന്നത് ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ നിയമമനുസരിച്ചുള്ള സംരക്ഷണ വേലിയുണ്ടാകും.
ഇന്ന് റെയിൽപ്പാളങ്ങൾക്ക് കുറുകേ കടക്കുന്നതു നിയമവിരുദ്ധമാണെങ്കിലും തടസ്സങ്ങളില്ല. എന്നാൽ അതിവേഗ പാതയാകുമ്പോൾ പാളത്തിലേയ്ക്ക് മറ്റുള്ളവർ കടക്കാൻ പാടില്ല. ഇതിനു മതിൽ അല്ല. ഫെൻസിംഗ് ആണ് ചെയ്യാൻ പോകുന്നതെന്നാണ് കെ-റെയിൽ വ്യക്തമാക്കിയിട്ടുള്ളത്. ആറുവരി പാതകളിലും ഡിവൈഡറുകളിൽ ഫെൻസിംഗ് നടത്തുന്നത് ഇന്നു സാധാരണമാണ്. ആ അർത്ഥത്തിൽ ആറുവരി പാതകളും കേരളത്തെ രണ്ടായി വിഭജിക്കുന്നൂവെന്നു വാദിക്കാം.
കെ-റെയിൽ ഫെൻസുകളിൽ ഹരിതാഭമാക്കുന്നതിന് പടർപ്പുകൾ വളർത്താം. എക്സ്പ്രസ് റോഡ് ഹൈവേകളുടെ വശങ്ങളിൽ ആൾപ്പാർപ്പുള്ള പ്രദേശങ്ങളിൽ ഇത്തരം ജൈവവേലികൾ ഉയർത്താറുണ്ട്. ശബ്ദമലിനീകരണം കുറയ്ക്കാൻ ഇതു സഹായിക്കും.
വെള്ളമൊഴുക്ക് തടസ്സപ്പെടും വെള്ളപ്പൊക്കമുണ്ടാകും എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. വെള്ളം പടിഞ്ഞാറേയ്ക്ക് പരന്ന് ഒഴുകുകയല്ല. നീർച്ചാലുകൾ, പുഴകൾ, തോടുകൾ എന്നിവയിലൂടെയാണ് ഒഴുകുന്നത്. അവയുടെ ഒഴുക്കിനു തടസ്സമുണ്ടാവില്ലായെന്ന് ഉറപ്പുവരുത്തും. നീർച്ചാലുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ കുറച്ചുകൂടി വിപുലീകരിച്ചു കൊടുക്കുന്നതിനാണു ശ്രമിക്കുക. അതിർത്തികല്ലുകൾ ഇട്ടുകഴിഞ്ഞാൽ ഇത്തരം സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനാവും. എംബാങ്ക്മെന്റുകളിൽ ആവശ്യമായ കൾവർട്ടുകൾ ഉണ്ടായിരിക്കും. ബന്ധപ്പെട്ട ഹൈഡ്രോഗ്രാഫിക് സർവ്വേ നടന്നുവരുന്നു. കഴിഞ്ഞ നൂറു വർഷത്തെ വെള്ളപ്പൊക്കത്തിന്റെയും വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയുമൊക്കെ കണക്കുകളെടുത്താണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡാമുകളിൽ നിന്ന് നദികളിലേക്കോ ചാലുകളിലേക്കോ വെള്ളം വരാൻ സാധ്യതയുണ്ടോ, ഉണ്ടെങ്കിൽ അത് എത്ര സമയംകൊണ്ട് വരും, എത്ര അളവിൽ വരും എന്നൊക്കെ കൃത്യമായി പഠിക്കുന്നുണ്ട്.
യഥാർത്ഥം പറഞ്ഞാൽ കെ-റെയിൽ നമ്മുടെ ഗതാഗത ഘടനയിൽ പാരിസ്ഥിതികാനുകൂലമായ വലിയൊരു തിരുത്തൽ കൊണ്ടുവരും. അതിവേഗ റെയിൽ പാത ഇല്ലാതെ ദീർഘദൂര കാർ യാത്രക്കാരെ റോഡ് യാത്രയിൽ നിന്ന് പൊതുഗതാഗത സംവിധാനത്തിലേക്ക് മാറ്റാൻ ആവില്ല. റോഡിൽ നിന്ന് ദീർഘദൂര ഗതാഗതത്തെ മാറ്റുന്നതിന്റെ ഫലമായി 2.8 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറവു ചെയ്യാൻ കഴിയുമെന്നാണ് കണക്ക്. ആറുവരി ദേശീയപാതയ്ക്ക് വേണ്ടിവരുന്നതിന്റെ ഭൂമി, കല്ല്, മണ്ണ്, മണൽ എന്നിവയുടെ പകുതി മാത്രം കെ-റെയിലിനു മതിയാകും. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ പാത കടന്നുപോകുന്നില്ല. നെൽപ്പാടങ്ങളിലും തണ്ണീർത്തടങ്ങളിലും പാത തൂണുകളിലൂടെയാണ് പോകുന്നത്. പുഴകളുടെയും അരുവികളുടെയും നീരൊഴുക്കിനെ തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്.
Post Your Comments