ന്യൂഡൽഹി: ജനുവരി അഞ്ചിന് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു പഞ്ചാബിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ നടന്ന വൻ സുരക്ഷാ വീഴ്ച. നേരത്തെ ഖാലിസ്ഥാൻ ഭീകരർ പുറത്തു വിട്ട അനിമേഷൻ വീഡിയോയിൽ കാണിച്ചത് പോലെ തന്നെ ഒരു ഫ്ലൈ ഓവറിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വാഹനം തടയപ്പെട്ടത്. ഇതെല്ലാം അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു എന്നാണ് കേന്ദ്ര വൃത്തങ്ങൾ വിലയിരുത്തുന്നത്.
പഞ്ചാബ് സർക്കാരും ഇതിനൊത്താശ ചെയ്തോ എന്നാണ് ഇപ്പോൾ അന്വേഷണവും. ഒരു സുരക്ഷാ വീഴ്ചയും ഉണ്ടായില്ലെന്ന് പഞ്ചാബ് സർക്കാർ ആവർത്തിച്ചു പറയുമ്പോഴും പാകിസ്ഥാന്റെ അതിർത്തിയിൽ നിന്നും വെറും 10 കിലോമീറ്റർ മാത്രം മാറി പരിമിതമായ സുരക്ഷയിൽ ഒരു ഫ്ളൈ ഓവറിൽ അദ്ദേഹം കുടുങ്ങിയത് മുൻകൂട്ടിയുള്ള തിരക്കഥ പ്രകാരമാണോ എന്നാണ് കേന്ദ്രം അന്വേഷിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സംസ്ഥാന ഡിജിപിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ നൽകിയിരുന്നു.
പഞ്ചാബിലെ ഡിജിപിയുടെ ആവശ്യമായ സുരക്ഷാ സ്ഥിരീകരണങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ആരംഭിച്ചതെന്നും സംഭവം പഞ്ചാബ് പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ പഞ്ചാബ് ഡിജിപിയും സംശയ നിഴലിലാണ്. സുരക്ഷ, ലോജിസ്റ്റിക്സ് എന്നിവയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യേണ്ടതുണ്ട്, കൂടാതെ അപ്രതീക്ഷിത പ്രശ്നങ്ങൾ ഉണ്ടായാൽ ഒരു കണ്ടിജൻസി പ്ലാൻ തയ്യാറാക്കുകയും വേണം.
ഇതെല്ലാം സംസ്ഥാന പോലീസിന്റെ പ്രോട്ടോക്കോൾ ഉത്തരവാദിത്വവുമാണ്. നിലവിൽ, പഞ്ചാബിലെ പോലീസ് ഡയറക്ടർ ജനറൽ, 1986 ബാച്ച് ഇന്ത്യൻ പോലീസ് സർവീസ് (IPS) ഉദ്യോഗസ്ഥനായ സിദ്ധാർത്ഥ് ചതോപാധ്യായയാണ്, അദ്ദേഹത്തിന്റെ നിയമനം നടത്തിയത് പാകിസ്ഥാന്റെ ഉറ്റ തോഴനും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ നവ്ജ്യോത് സിംഗ് സിദ്ധുവാണ്. ഇക്കഴിഞ്ഞ ഡിസംബർ 17 ന് ഇഖ്ബാൽ പ്രീത് സിംഗ് സഹോതയെ മാറ്റി ചതോപാധ്യായയെ ഒഫിഷ്യേറ്റിംഗ് ഡിജിപിയായി (പഞ്ചാബ്) നിയമിച്ചു.
സിദ്ദുവിന്റെ നിർദേശപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ നിയമനം. സംസ്ഥാന മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും ആഭ്യന്തര മന്ത്രി സുഖ്ജീന്ദർ രൺധാവയും സഹോതയെ പിന്തുണച്ചെങ്കിലും പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ച് സിദ്ദു പഞ്ചാബിലെ കോൺഗ്രസ് സംവിധാനത്തെ മൊത്തത്തിൽ സമ്മർദ്ദത്തിലാക്കിയാണ് നിയമനം നടത്തിയത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ (യുപിഎസ്സി) നിന്ന് ഒഫീഷ്യൽ ഡിജിപിയെ നിയമിക്കുന്നതിനുള്ള പാനൽ വരുമെന്ന വ്യവസ്ഥയിൽ അദ്ദേഹം പിന്നീട് രാജി പിൻവലിച്ചു.
2022 മാർച്ചിൽ വിരമിക്കാനൊരുങ്ങുന്ന ചതോപാധ്യായ, യുപിഎസ്സി ഷോർട്ട്ലിസ്റ്റ് ചെയ്ത 3 ഐപിഎസ് ഉദ്യോഗസ്ഥരുടെ പാനലിൽ നിന്ന് ഒരു സാധാരണ ഡിജിപിയെ നിയമിക്കുന്നത് വരെ ഒഫീഷ്യേറ്റിംഗ് ഡിജിപി സ്ഥാനം വഹിക്കും എന്നായിരുന്നു സിദ്ധുവിന്റെ വാദം. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത് മുതൽ സിദ്ദു ചതോപാധ്യായയുടെ പേര് ഉയർത്തിക്കൊണ്ടിരുന്നു. സിദ്ദുവിന്റെ സമ്മർദ തന്ത്രങ്ങൾക്ക് കോൺഗ്രസ് വഴങ്ങുകയും ചെയ്തു. അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയുടെ പരസ്പരബന്ധമില്ലാത്ത പ്രസ്താവനകൾ സർക്കാരിന്റെയും കോൺഗ്രസിന്റെയും ഉദ്ദേശ്യ ശുദ്ധിയെ പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
Post Your Comments