ന്യൂഡൽഹി: സാർക്ക് ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കാമെന്ന പാകിസ്ഥാന്റെ നിർദേശത്തെ എതിർത്ത് ഇന്ത്യ. പാകിസ്ഥാൻ ഭീകരാക്രമണങ്ങൾ നടത്തുന്നത് നിർത്തിയാൽ മാത്രമേ, രാജ്യത്ത് ഉച്ചകോടി അനുവദിക്കൂവെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അരിന്ദം ബാഗ്ച്ചി പറഞ്ഞു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഈ രാജ്യങ്ങളുടെ അനുമതി ലഭിച്ചാൽ മാത്രമേ, ഒരു രാജ്യത്തിന് സാർക്ക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ സാധിക്കൂ. ഈ വർഷത്തെ ഉച്ചകോടി പാകിസ്ഥാനിൽ വെച്ച് നടത്താൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി അനുമതി തേടിയിരുന്നു. എന്നാൽ, പാകിസ്ഥാൻ നടത്തുന്ന ഭീകരാക്രമണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇന്ത്യ അനുമതി നിഷേധിച്ചു.
2016 ൽ പാകിസ്ഥാനിൽ വെച്ച് ഉച്ചകോടി നടത്താൻ തീരുമാനിച്ചതാണ്. എന്നാൽ, പാക് ഭീകരർ ഉറിയിലെ സൈനിക ക്യാമ്പിൽ ആക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യ ഈ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. പിന്നീട്, ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് അംഗരാഷ്ട്രങ്ങളും രംഗത്തു വരികയായിരുന്നു.
Post Your Comments