കൊച്ചി: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയ നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു യൂസഫലി സംഭവത്തില്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ യാത്ര തടഞ്ഞത് ദുഖകരവും നിര്‍ഭാഗ്യകരവുമാണെന്നും മോദിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചുണ്ടെന്നുമാണ് യൂസഫലി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ യാത്ര പഞ്ചാബില്‍ തടസപ്പെട്ട സംഭവം തീര്‍ത്തും ദുഖകരവും നിര്‍ഭാഗ്യകരവുമാണ്. നമ്മുടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയും, നമ്മുടെ രാജ്യത്തെ തുടര്‍ന്ന് നയിക്കാനുള്ള അദ്ദേഹത്തിന്റെ ദീര്‍ഘായുസിനായും, വരും തലമുറയുടെ അഭിവൃദ്ധിക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്’- എന്നാണ് ട്വീറ്റില്‍ യൂസഫലി കുറിച്ചിരിക്കുന്നത്.
പഞ്ചാബില്‍ ബുധനാഴ്ച നടന്ന സംഭവത്തിന് പിന്നാലെ ബി.ജെ.പിയുടെ ദല്‍ഹി ഘടകവും മോദിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചിട്ടുണ്ട്. മോദിയുടെ ദീര്‍ഘായുസിന് വേണ്ടിയാണ് ദല്‍ഹി ബി.ജെ.പി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. വിവിധ സംഘടനകള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ദല്‍ഹിയിലെ പല ക്ഷേത്രങ്ങളിലായി ബി.ജെ.പി മോദിക്ക് വേണ്ടി പൂജ നടത്തിയത്.
Post Your Comments