KeralaLatest NewsNews

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഇതിനായി റസ്റ്റ് ഹൗസ് ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകും. ആവശ്യമായിടത്ത് കൂടുതൽ ജീവനക്കാരെ നിയമിക്കും. ശുചിത്വം ഉൾപ്പെടെ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. റസ്റ്റ് ഹൗസുകളെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ശൃംഖല ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും’ മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

Read Also: കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 2,585 കേസുകൾ

‘റസ്റ്റ് ഹൗസുകൾ നവീകരിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും. കൂടുതൽ റസ്റ്റ് ഹൗസുകളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കും. റസ്റ്റ് ഹൗസുകളിൽ കേന്ദ്രീകൃത സി സി ടി വി സംവിധാനം നടപ്പാക്കും. എല്ലാ റസ്റ്റ് ഹൗസുകളേയും ബന്ധിപ്പിച്ച് തിരുവനന്തപുരത്തു നിന്നും നിരീക്ഷിക്കാൻ പറ്റുന്ന സംവിധാനവും നിലവിൽ വരും. നിയമസഭാ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി വിലയിരുത്താൻ രൂപീകരിച്ച കോൺസ്റ്റിറ്റ്വൻസി മോണിറ്ററിംഗ് ടീമിലെ ഉദ്യോഗസ്ഥരും കൃത്യമായ ഇടവേളകളിൽ റസ്റ്റ് ഹൗസുകളിൽ എത്തി വിലയിരുത്തും. കെട്ടിട വിഭാഗവും പ്രത്യേക ഇൻസ്പെക്ഷൻ ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന്’ മന്ത്രി വ്യക്തമാക്കി.

‘റസ്റ്റ് ഹൗസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ച് 65,34,301 രൂപ റസ്റ്റ് ഹൗസുകളിലെ വരുമാനമായി ലഭിച്ചു. ഇതിൽ 52,57,368 രൂപയും ലഭിച്ചത് ഓൺലൈൻ ബുക്കിംഗിലൂടെയാണ്. 8378 ആളുകൾ രണ്ടു മാസത്തിനകം ഓൺലൈൻ സംവിധാനം ഉപയോഗിച്ചുവെന്നും’ മന്ത്രി വിശദമാക്കി. ചീഫ് എഞ്ചിനിയർമാരായ എൽ ബീന, മധുമതി കെ ആർ, അജിത് രാമചന്ദ്രൻ, അശോക് കുമാർ എം, ഹൈജീൻ ആൽബർട്ട്, കിറ്റ്സ് ഡയറക്ടർ രാജശ്രീ അജിത്ത്, പ്രിൻസിപ്പൽ ഡോ ബി രാജേന്ദ്രൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read Also: ലോക്ക് ഡൗൺപരാജയം, ഇനി ഇരുന്നേ പറ്റുവെങ്കിൽ കിറ്റ് മാത്രം പോരാ, ഇഎംഐയും നിങ്ങൾ തവണ തെറ്റാതെ അടച്ചുതീർക്കണം: ഹരീഷ് പേരടി

സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. നാലു ബാച്ചുകളായി മറ്റുള്ളവർക്ക് ഈ വർഷം പരിശീലനം നൽകും. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഹൗസ് കീപ്പിംഗ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള കിറ്റ്സിന്റെ സഹകരണത്തോടെയാണ് പരിശീലനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button