പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച തീരുമാനത്തിന് പിന്നിൽ, ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് ദുരുദ്ദേശ്യപൂർണമായ ചില ലക്ഷ്യങ്ങൾ കേന്ദ്ര സർക്കാരിന് ഉണ്ടെന്ന് ആരോപിച്ച സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയെ വിമർശിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. സതി എന്ന അനാചാരത്തെ ഇല്ലാതാക്കിയതും 30 വർഷങ്ങൾക്ക് മുൻപ് രാജസ്ഥാനിൽ വീണ്ടും നടന്ന സതിയും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ജസ്ല കെ കെ ശൈലജയെ ഓർമപ്പെടുത്തുന്നു. കേന്ദ്രം വിവാഹപ്രായം ഉയർത്തുന്നത് മറ്റ് ചില ഗൂഢലക്ഷ്യങ്ങൾ വെച്ചുപുലർത്തിക്കൊണ്ടാണെന്ന മുൻ മന്ത്രിയുടെ പ്രസ്താവനയോട് ‘കഷ്ടം തന്നെ ടീച്ചറെ’ എന്നാണ് ജസ്ല നൽകുന്ന മറുപടി. കെ.കെ ശൈലജയുടെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ജസ്ല മാടശ്ശേരിയുടെ പ്രതികരണം.
Also Read:പാക്-അഫ്ഗാൻ അതിർത്തി സംഘർഷം മുറുകുന്നു : സാഹചര്യം യുദ്ധത്തിലേക്ക് നയിക്കുമെന്ന് റിപ്പോർട്ടുകൾ
‘സതി നിർത്തലാക്കിയപ്പോൾ. സതി ഞങ്ങളുടെ അവകാശമാണെന്ന് പറഞ്ഞു തെരുവിലിറങ്ങിയതിലേറെയും ആചാര സംരക്ഷകരായ സ്ത്രീകളായിരുന്നു. സതി എന്നാൽ സ്വന്തം ഭർത്താവ് മരിച്ചാൽ ആ ചിതയിലേക്ക് എടുത്ത് ചാടി ആത്മത്യാകം ചെയ്യലാണ്. 1829 ൽ നിർത്തലാക്കിയ സതി ഈ അടുത്ത, വെറും 30 വർഷങ്ങൾക്കു മുൻപേ വീണ്ടും രാജസ്ഥാനിലെ ജയിപ്പൂരിൽ നടന്നു. രൂപ് കാൻവർ എന്ന പെൺകുട്ടി, സതി അനുഷ്ഠിച്ചു. അന്ന് അതിനെ എതിർത്ത ഭരണകൂടത്തിനെതിരെ പ്രധിഷേധം സംഘടിപ്പിച്ചത് വലിയ വിഭാഗം സ്ത്രീകളും മതം തീനി ആചാരസംരക്ഷകരുമായിരുന്നു. ഒന്നുമില്ല, ഈ വാർത്ത കണ്ടപ്പോ ഓർമ്മിപ്പിച്ചെന്നു മാത്രം. കഷ്ടം.. ടീച്ചറെ…’, ജസ്ല തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘സ്‌ത്രീ – സമത്വം, സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുൻമന്ത്രിയുടെ പ്രസ്താവന. മധുരത്തിൽപ്പൊതിഞ്ഞ വിഷമാണിതെന്ന് തിരിച്ചറിഞ്ഞാണ് മഹിളാ അസോസിയേഷനടക്കമുള്ള സംഘടനകൾ ഇതിനെ എതിർക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. പഠനവും ജോലിയും കഴിഞ്ഞു മതി വിവാഹം എന്നാണ് മഹിളാ അസോസിയേഷനും പറയുന്നതെന്നും എന്നാൽ, കേന്ദ്രസർക്കാർ ഇത് നടപ്പാക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും ഇവർ പറഞ്ഞു.
Also Read:രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഓറഞ്ച്
‘ശരിയുടെ മറപറ്റി സമൂഹത്തിൽ വിഭാഗീയത വളർത്താനാണ് ശ്രമം. അധികാര വേദികളിലേക്കും കൂടുതലായി സ്‌ത്രീകൾ കടന്നുവരണം. ജനപ്രതിനിധികളാകുന്നവർ അഞ്ചു വർഷത്തിനപ്പുറം വീട്ടിനകത്തൊതുങ്ങാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. സിപിഐ എം സംഘടനാരംഗത്ത് സ്‌ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നത് സഹായകരമാണ്. കുടുംബത്തെ സോഷ്യലിസത്തിന്റെ പാതയിലേക്ക് നയിക്കാൻ സ്‌ത്രീകൾക്ക് സാധിക്കണം. ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് ഏറ്റവുമധികം അസമത്വം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. സ്‌ത്രീപോരാട്ടത്തിന് അനന്തമായ സാധ്യതകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. മുൻഗാമികളുടെ ത്യാഗം ജീവിതത്തിൽ പകർത്തി ഇന്നത്തെ പ്രശ്‌നങ്ങളിൽ പ്രതികരിക്കാൻ സ്‌ത്രീകൾ മുന്നോട്ടു വരണം’, കെ കെ ശൈലജ പറഞ്ഞു.
Post Your Comments