അങ്കമാലി: സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു. കോഴിക്കോടു നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസാണ് അങ്കമാലി സെൻട്രൽ ജങ്ഷനിൽ സ്കൂട്ടർ യാത്രികനെ ഇടിച്ച് വീഴ്ത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന അങ്കമാലി കിടങ്ങൂർ വടക്കഞ്ചേരി വീട്ടിൽ ബിനു (49), കിടങ്ങൂർ സ്വദേശി ടിജോ ജോസഫ് (42) എന്നിവർക്കാണ് പരിക്കേറ്റത്. നടുറോഡിൽ തെറിച്ചുവീണ ബിനുവിന്റെ തലക്കും, കൈക്കും സാരമായി പരിക്കേറ്റു.
Read Also : ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതികൾ അടിച്ചേൽപ്പിക്കരുത്: കോടിയേരിയെ തഴഞ്ഞ് മഹാരാഷ്ട്ര സിപിഎം
അതേസമയം അപകടം അറിഞ്ഞ ഡ്രൈവർ ബസിൽ നിന്നിറങ്ങുകയോ, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനോ തയാറാകാതെ അൽപസമയം ബസ് റോഡിൽ നിർത്തിയിട്ടശേഷം യാതൊരു പരിഹാരവും നൽകാതെ യാത്ര തുടരുകയായിരുന്നുവെന്നാണ് പരാതി. ബിനുവിനെ പിന്നീട് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തിൽ സെൻട്രൽ ജങ്ഷനിലെ സി.സി.ടി.വി കാമറ പരിശോധിച്ചാണ് കോഴിക്കോട് ഡിപ്പോയിലെ കെ.എൽ – 15എ 410 (ആർ.എസ്.കെ 833) നമ്പർ ബസാണ് അപകടത്തിനിടയാക്കിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് ബസ് ഓടിച്ചിരുന്ന ശിവദാസന്റെ പേരിൽ അങ്കമാലി പൊലീസ് കേസെടുത്തത്.
Post Your Comments