ഗുരുഗ്രാം: സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വാങ്ങിയ ലക്ഷങ്ങളുടെ കടം വീട്ടാന്‍ യുവാവ് നടത്തിയ നാടകം പൊളിഞ്ഞു. തന്നെ ഒരുകൂട്ടം ആളുകള്‍ തട്ടികൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കിയ യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയിലാകുകയും ചെയ്തു. തട്ടികൊണ്ടുപോയെന്ന് കള്ളം പറഞ്ഞ് ഭാര്യയില്‍ നിന്ന് പണം തട്ടാന്‍ നോക്കിയ അനൂപ് യാദവ് എന്ന യുവാവാണ് പിടിയിലായത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
Read Also : ബാബർപൂർ മണ്ഡലത്തിന്റെ പേര് മാറ്റി പകരം അബ്ദുൾ കലാമിന്റെ പേര് നൽകണമെന്ന ആവശ്യവുമായി എംഎൽഎ
ഞായറാഴ്ച രാത്രിയാണ് അനൂപ് യാദവിന്റെ ഭാര്യ പോലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പരാതിപ്പെട്ടത്. 2 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഭാര്യ പോലീസിനെ സമീപിച്ചത്.
‘അനൂപ് യാദവ് ഞങ്ങളുടെ കസ്റ്റഡിയിലാണ്. അവനെ ജീവനോടെ വേണമെങ്കില്‍ 2 ലക്ഷം രൂപ തരണം’ എന്നായിരുന്നു യുവതിയുടെ മൊബൈലിലേയ്ക്ക് വന്ന സന്ദേശം. എന്നാല്‍ ഭാര്യ ഈ സന്ദേശവുമായി പോലീസിനെ സമീപിച്ചതോടെ യുവാവിന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചു. പോലീസ് ശക്തമായ നിരീക്ഷണത്തിലൂടെ യുവാവിനെ തിങ്കളാഴ്ച ഡല്‍ഹി-ജയ്പൂര്‍ എക്‌സ്പ്രസ് വേയിലെ ഐഎംടി ചൗക്കില്‍ നിന്ന് പിടികൂടി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് യുവാവ് വെളിപ്പെടുത്തിയത്. താന്‍ തന്നെയാണ് സന്ദേശം അയച്ചതെന്നും യുവാവ് വെളിപ്പെടുത്തി.
ഗൂഢാലോചന നടത്തി പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനും, തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments