ക്രംലിൻ: ആണവായുധങ്ങൾ കൂടുതൽ വ്യാപിക്കുന്നതും ഒരു ആണവ യുദ്ധം ഉണ്ടാകുന്നതും തടയാനുള്ള തീരുമാനവുമായി ആണവ രാഷ്ട്രങ്ങൾ. ലോകത്തെ പ്രബല ആണവ ശക്തികളായ ചൈന, റഷ്യ, ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് എന്നിവർ ചേർന്നാണ് ഈ സംയുക്ത തീരുമാനമെടുത്തത്.
ഈ 5 രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങൾ കൂടിയാണ്. ലോകത്തുള്ള ആണവശക്തികൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കേണ്ടത് അവരുടെ പ്രാഥമിക കർത്തവ്യങ്ങളിൽ ഒന്നാണ്. ഇതിനായി സുരക്ഷയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും രാജ്യങ്ങൾ നിരീക്ഷിക്കുന്നു.
‘ഒരു ആണവ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഒരിക്കലുമതിൽ ഒരാളും ജയിക്കില്ല. അതു കൊണ്ടു തന്നെ, അത്തരമൊരു യുദ്ധം ഉണ്ടാവാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.’ രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഉക്രൈൻ- റഷ്യ അതിർത്തിയിൽ റഷ്യ നടത്തുന്ന സൈനിക വിന്യാസങ്ങൾ, യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുമായി രൂക്ഷമായ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. ലോകശക്തികളായ അമേരിക്കയും റഷ്യയും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയാൽ, അതൊരു ആണവയുദ്ധത്തിൽ കലാശിക്കാനുള്ള സാധ്യതകൾ ഏറെയാണെന്നതും ഈ സംയുക്ത തീരുമാനത്തിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു.
Post Your Comments