പോർട്ടോ പ്രിൻസ്: ഹെയ്തിയിൽ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം നടന്നു. പ്രധാനമന്ത്രി ഏരിയൽ ഹെൻറിയ്ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. കരീബിയൻ രാഷ്ട്രമായ ഹെയ്തിയുടെ 218 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗോനവിസ് ക്രിസ്ത്യൻ പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കവേയാണ് അദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടായത്.
കൊള്ളക്കാരും തീവ്രവാദികളും അദ്ദേഹത്തിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഹെൻറിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തെ വാഹനത്തിലേക്ക് എത്തിക്കുന്നതിനിടയിൽ വാഹനവ്യൂഹത്തിന് നേരെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയും ഭീകരർ വെടിവെപ്പ് നടത്തിയിട്ടുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജൂലൈയിൽ പ്രസിഡന്റ് ജോവനൽ മൊയ്‌സ് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഭീകരർ ഹെയ്തിയിൽ തമ്പടിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹെൻറിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും ഭീകരരുടെ ആക്രമണവും രൂക്ഷമാവുകയാണ്. അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്.
Post Your Comments