NattuvarthaLatest NewsKeralaNewsCrime

സിൽവർ ലൈൻ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാലിന് വിശദീകരണ യോഗം

സിൽവർ ലൈൻ അർധ അതിവേഗ റെയിലിന്റെ നിർമാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലയിൽ വിശദീകരണ യോഗം നടത്തുന്നു. ജനുവരി നാലിനു രാവിലെ 11ന് ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണു പരിപാടി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

കാസർകോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർ കൊണ്ട് യാത്രചെയ്യാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണു സിൽവർ ലൈനിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയിൽ ഡെവലപ്മന്റ് കോർപ്പറേഷൻ ലിമിറ്റഡ്(കെ-റെയിൽ) എന്ന കമ്പനിയാണു പദ്ധതിയുടെ നിർമാണം നടത്തുക. നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. നിർമാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിനായാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം ചേരുന്നത്.

സിൽവർ ലൈൻ യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തിനുള്ളിലെ വിവിധയിടങ്ങൾ തമ്മിലുള്ള യാത്രാ സമയം നാലിലൊന്നായി ചുരുങ്ങും. ഇത് കേരളത്തിന്റെ വ്യവസായ, സാങ്കേതിക, ടൂറിസം തുടങ്ങി സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റമുണ്ടാക്കും. കൊച്ചി എയർപോർട്ടിലേതടക്കം 11 സ്‌റ്റേഷനുകളാകും അർധ അതിവേഗ പാതയിൽ ഉണ്ടാകുക. കൊച്ചിയിൽ നിന്ന് ഒന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താനാകും. നിലവിൽ കാറിൽപ്പോലും ചുരുങ്ങിയതു നാലു മണിക്കൂർ വേണ്ടിടത്താണ് ഇത്.

529.45 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. സ്റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്ന പാതയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും. 63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ പുനരധിവാസത്തിനുൾപ്പെടെ 1,383 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരുന്നത്. ഇതിൽ 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. നിർദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധാനാലയങ്ങളേയും പാടങ്ങളേയും കാവുകളേയും പരമാവധി ബാധിക്കാത്ത രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതിനാൽത്തന്നെ വീടുകൾ ഉൾപ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണു പദ്ധതി ബാധിക്കുന്നത്. ഇതു പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികളിലാണു സർക്കാർ.

സ്ഥലം ഏറ്റെടുപ്പിനായി 13,362 .32 കോടി രൂപയാണു കണക്കാക്കിയിരിക്കുന്നത്. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയുപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. പദ്ധതിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചുതന്നെ വായ്പാ തിരിച്ചടവു സാധ്യമാകുംവിധമാണു ഡി.പി.ആർ. തയാറാക്കിയിരിക്കുന്നത്. അഞ്ചു വർഷം കൊണ്ടു പൂർത്തിയാകത്തക്കവിധത്തിൽ ഫാസ്റ്റ് ട്രാക് അടിസ്ഥാനത്തിലാകും നിർമാണ പ്രവർത്തനങ്ങൾ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button