തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരൻ സ്റ്റീവൻ ആസ്ബർഗിനെ അവഹേളിച്ച സംഭവം വലിയ വിവാദമാകുന്നതിനിടെ അനുനയിപ്പിക്കാനുള്ള ഇടപെടലുമായി അദ്ദേഹത്തെ ഫോണിൽ വിളിച്ചും നേരിൽ കണ്ടും സംസാരിച്ച മന്ത്രി ശിവൻകുട്ടിയെ പ്രശംസിച്ച് സംവിധായകൻ എം.എ നിഷാദ്. അദ്ദേഹം, അദ്ദേഹത്തിന്റെ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങളാണ് ചെയ്യാറുള്ളതെന്നും
അത് മനസ്സിൽ തട്ടി ചെയ്യുന്നവയാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
‘എന്ത്കൊണ്ടാണ് വി ശിവൻകുട്ടി വിത്യസ്തനായ രാഷ്ട്രീയക്കാരനും എല്ലാവരാലും ഇഷ്ട്ടപ്പെടുന്ന മന്ത്രിയുമാകുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അയാള് അയാളുടെ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങളാണ് ചെയ്യാറ്, അത് മനസ്സിൽ തട്ടി ചെയ്യുന്നവയാണ്. ഇന്നലെ കോവളത്ത് പോലീസ് തടഞ്ഞുവെച്ച വിദേശ സഞ്ചാരിയെ ശിവൻകുട്ടി മന്ത്രി പോയ് കാണുന്നു. സംഭവിച്ചതിന് മാപ്പ് ചോദിക്കുന്നു. ഇത്തരമൊരു കാര്യം ഇനിയാർക്കും ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകുന്നു. മുഖ്യമന്ത്രി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്നും, ആ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്നും അറിയിക്കുന്നു. ഇതാണ് വി ശിവൻകുട്ടി. അയാൾ അയാളുടെ ഇടത് ബോധ്യങ്ങളിൽ ഉറച്ചുനിൽക്കും. അതാണ് അയാൾ ഞങ്ങൾക്ക് അണ്ണനാകുന്നത്. ശിവൻകുട്ടിയണ്ണൻ’, സംവിധായകൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, സ്വീഡിഷ് പൗരനായ സ്റ്റീവൻ ആസ്ബർഗുമായി ആദ്യം ഫോണിൽ സംസാരിച്ച മന്ത്രി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. മന്ത്രിയുടെ ക്ഷണം സ്വീകരിച്ച സ്റ്റീവൻ ആസ്ബർഗ് ഉച്ചയോടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ജില്ലയുടെ ചുമതല ഉള്ള മന്ത്രി എന്ന നിലയിലാണ് ഇടപെടൽ നടത്തുന്നതെന്ന് പിന്നാലെ മാധ്യമങ്ങളെ കണ്ട ശിവൻകുട്ടി വ്യക്തമാക്കി. സർക്കാർ സ്വീകരിച്ച നടപടി അദ്ദേഹത്തോട് വിശദീകരിച്ചെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസിനെ പരക്കെ ആക്ഷേപിക്കരുതെന്നും മന്ത്രി പ്രതികരിച്ചു.
Post Your Comments