തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ 31 ന് രാത്രിയിലെ ന്യൂ ഇയര്‍ ആഘോഷത്തിന് വിലങ്ങ് വീഴുന്നു. രാത്രി 10 മണിക്ക് ശേഷം ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കുകയില്ലെന്ന് കേരള പോലീസ് വ്യക്തമാക്കി. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തവണ വീട്ടിലിരുന്നു ഹാപ്പി ന്യൂയര്‍ ആഘോഷിക്കണമെന്നാണ് കേരള പോലീസിന്റെ നിര്‍ദ്ദേശം.
ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയാണ് രാത്രിയാഘോഷങ്ങള്‍ക്ക് നിയന്ത്രണമുള്ളത്. കേരളമുള്‍പ്പടെ നിരവധി സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ രോഗികള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതിനാല്‍ ‘ആഘോഷിക്കാം കരുതലോടെ’ എന്ന് ചൂണ്ടിക്കാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റും കേരള പോലീസ് പുറത്തിറക്കി.
വരുന്ന രണ്ട് മാസം കൊറോണ കേസുകള്‍ കൂടാന്‍ തന്നെയാണ് സാധ്യതയെന്ന് സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും കണക്കാക്കുന്നു. ജനുവരി മാസത്തിലെ വ്യാപനം നിര്‍ണായകമാകും. നിലവില്‍ ഇരുപതിനായിരം കൊറോണ രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
Post Your Comments