തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചു പണിയുമായി സർക്കാർ. എഡിജിപി, ഐജി റാങ്കിലേക്ക് പ്രമോഷനോട് കൂടി വിവിധ ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചിട്ടുള്ള ഉത്തരവ് പുറത്തു വന്നു. തുടർച്ചയായി ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മിഷണറും റൂറൽ എസ്.പിയും ചുമതലയേൽക്കും. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ പദവി ഐ.ജി റാങ്കിലേക്ക് ഉയർത്തി. ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസിലേക്ക് മാറ്റി.
ഐജിമാരായ മഹിപാൽ യാദവ്, ബൽറാം കുമാർ ഉപാദ്ധ്യായ എന്നിവരെ എഡിജിപിമാരായി പ്രമോട്ട് ചെയ്തു. ട്രെയിനിംഗ് ചുമതലയുള്ള എഡിജിപിയായി ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് പുതിയ നിയമനം നൽകി. എഡിജിപി യോഗേഷ് ഗുപ്തയെ പോലീസ് അക്കാഡമി ഡയറക്ടറായി മാറ്റി നിയമിച്ചു. ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് പകരക്കാരനായി ഐജി ജി സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാവും.
ആറ് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിൻ്റെ ചുമതലയും അദ്ദേഹത്തിന് നൽകി. പി പ്രകാശാണ് പുതിയ ദക്ഷിണമേഖല ഐജി. കെ.സേതുരാമനെ പൊലീസ് അക്കാഡമിയിൽ നിയമിച്ചു. കെപി ഫിലിപ്പിന് ക്രൈംബ്രാഞ്ചിൽ നിയമനം കിട്ടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനം ഐജി റാങ്കിലേക്ക് ഉയർത്തി. പ്രമോഷൻ ലഭിച്ച നിലവിലെ കമ്മീഷണർ എവി ജോർജ് ഇവിടെ തുടരും.
അഞ്ച് എസ്.പിമാരെ ഡിഐജി റാങ്കിലേക്ക് ഉയർത്തിയിട്ടുണ്ട്. പ്രമോഷൻ ലഭിച്ച ആർ.നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജിയാവും. സഞ്ജയ് കുമാർ ഗുരുഡിനിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിയമിച്ചു. രാഹുൽ ആർ നായർ കണ്ണൂർ റേഞ്ച് ഐജിയായി തുടരും. പുട്ട വിമലാദിത്യ, അജിത ബീഗം, സതീഷ് ബിനോ എന്നിവർ കേന്ദ്ര സർവീസിലേക്ക് ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു.
സഹോദരങ്ങൾ ഒഴുക്കിൽപെട്ടു : 12കാരന് ദാരുണാന്ത്യം
എസ്.പി അംഗിത് അശോകിനെ തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു. വൈഭവ് സക്സേനയാണ് പുതിയ കാസർകോഡ് എസ്.പി. പിബി രാജീവിനെ കണ്ണൂർ റൂറൽ എസ്.പിയായും ആമോസ് മാമനെ കോഴിക്കോട് ഡിസിപിയായും നിയമിച്ചു. സ്വപ്നിൽ മധുകർ മഹാജൻ പുതിയ പത്തനംതിട്ട എസ്.പിയാവും. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറൽ എസ്.പിയായും ഐശ്വര്യ ഡോഗ്രയെ തൃശ്ശൂർ റൂറൽ എസ്.പിയായും നിയമിച്ചിട്ടുണ്ട്.
Post Your Comments