കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും അവഹേളിച്ചും ആക്രമിച്ചും കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിൻ്റെ അവസ്ഥ. ഭരിക്കുന്നവൻ നന്നെല്ലെങ്കിൽ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കെ റെയിൽ ഇവിടെ വേണ്ട, അത് മറ്റൊരു സിങ്കൂർ ആകും എന്ന് സിപിഎം പ്രവർത്തകർ തന്നെ പറയുന്നു.
പിണറായിയെ കണ്ടു പഠിക്കാൻ ഞങ്ങൾ തയ്യാറല്ല. പോലീസുകാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനം ആയി കേരളം മാറി കഴിഞ്ഞു. മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നു. മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും നിപ്പ വന്നില്ല. രാഷ്ട്രപതിക്ക് മൂത്രപ്പുരയില്‍ വെള്ളം വയ്ക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍ ലൈനുണ്ടാക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.
ഏത് വിഐപി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും സ്ഥാപിച്ചു. പക്ഷേ വാട്ടർ കണക്ഷൻ കൊടുത്തില്ല. ഷെഡ്ഡുഡാക്കാൻ മാത്രമേ എനിക്ക് പെർമിഷനുള്ളൂ വെള്ളം വയ്ക്കാൻ പറഞ്ഞില്ലെന്നാണ് കരാറുകാരൻ പറഞ്ഞത്. അവസാനം മൂത്രമൊഴിക്കാൻ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായും കാണാനില്ല. എന്താ ബാത്ത്റൂമിൽ വെള്ളമില്ല…. അവസാനം ഉദ്യോഗസ്ഥർ ബക്കറ്റിൽ വെള്ളം കൊണ്ടോടുകയായിരുന്നു.
എന്നിട്ടാണ് ഇവിടെ കെ റെയിൽ ഇട്ടോടിക്കാൻ പോകുന്നത്. രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാൻ പോലും സാധിക്കാത്ത വിദ്വാൻമാർ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാൻ പോകുന്നത്.. എന്നിട്ട് ഇവർ പേടിപ്പിക്കുകയാണ് നമ്മളെ… കെ റെയിലിനെക്കുറിച്ച് യുഡിഎഫ് നേരത്തെ വിശദമായി പഠിച്ചതാണ്. വെറുതെ ധൂർത്ത് നടത്താനുള്ള പദ്ധതി മാത്രമാണിത്. പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും കെ റെയിൽ വരുത്തുക എന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Post Your Comments