വെള്ളമുണ്ട: ‘വൈദ്യുതിയില്ലാതെ ലാപ്ടോപ് കിട്ടിയിട്ടെന്താ, സൂക്ഷിച്ചുവെക്കാന്‍ വീടുമില്ല. അതോണ്ട് ഞങ്ങളാരും ലാപ്ടോപ് വാങ്ങിയിട്ടില്ല…വാങ്ങിയവർ തിരിച്ചു കൊടുത്തു.’ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഉണ്ടാടി പണിയ കോളനിയിലെ ആറാംതരം വിദ്യാര്‍ഥിനി അഞ്ജലിയുടെ നിരാശയൂറുന്ന വാക്കുകളാണിത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റ വിദ്യാകിരണം പദ്ധതി പ്രകാരം വിതരണം തുടങ്ങിയ ലാപ്ടോപ്പുകളാണ് കൃത്യമായി ഉപയോഗിക്കാന്‍ കഴിയാതെ ആദിവാസി വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നത്.
അഞ്ജലിക്കൊപ്പം ഇതേ കോളനിയിലെ അമൃത, മനു ബാബു, ശ്രീഹരി എന്നിവരും പത്താം തരത്തില്‍ പഠിക്കുന്ന അമൃതയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അരുണ്ജിതും ലാപ്ടോപ് വാങ്ങാതെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. സമീപ കോളനിയിലുള്ള കുട്ടികളെല്ലാം ലാപ്ടോപ് ഉപയോഗിക്കുന്നത് കാണുമ്പോള്‍ തങ്ങള്‍ക്കും ആഗ്രഹമുണ്ടെങ്കിലും വൈദ്യുതിയില്ലാതെ എങ്ങനെ എന്ന ചോദ്യം ബാക്കിയാവുന്നു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരകളിലാണ് ഇവരെല്ലാം താമസിക്കുന്നത്.
കാറ്റടിച്ചാല്‍ പറന്നുപോകുന്ന കൂരകളില്‍ ലാപ്ടോപ് സൂക്ഷിക്കാനുള്ള ഭയവും ഇവരെ പിന്നോട്ടടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കുന്നതിനാണ് പ്രധാനമായും ലാപ്ടോപ്പുകള് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ജില്ലയില്‍ 17,000ത്തിലധികം ലാപ്ടോപ്പുകളാണ് വിതരണം ചെയ്യുന്നത്. ആദിവാസി വിഭാഗത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന പണിയ വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് ലാപ്ടോപ് ഉപയോഗിക്കാനാവാതെ വട്ടംകറങ്ങുന്നത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ അടുത്ത കോളനിയാണിതെങ്കിലും വികസനം ഇവിടേക്ക് എത്തിനോക്കിയിട്ടില്ല. കോളനിമുറ്റത്ത് വൈദ്യുതിത്തൂണുണ്ടെങ്കിലും ഷെഡുകളില്‍ വൈദ്യുതി നല്‍കാനാവില്ലെന്ന ചട്ടമാണ് തിരിച്ചടിയായത്.ലാപ്ടോപ് കിട്ടിയിട്ടും ഉപയോഗിക്കാനാവാതെ നിരാശരായ ആദിവാസി വിദ്യാര്‍ഥികള്‍ നിരവധിയാണ്. സമീപത്തെ പല സ്ഥലങ്ങളിലും സമാന അനുഭവങ്ങള്‍ ഏറെയാണ്.
Post Your Comments