റിയാദ്: സൗദി അറേബിയയിൽ ക്രിസ്‌മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. ഗള്‍ഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദിയുടെ ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്‌ക) ആണ് ക്രിസ്‌മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഈ പ്രഖ്യാപനം നടത്തിയത്. ക്രിസ്മസ് ട്രീയുടെ രാജ്യത്തെ അനുമതി സംബന്ധിച്ച ചോദ്യത്തോടുള്ള പ്രതികരണമായാണ് ഇക്കാര്യം പറഞ്ഞത്.
ക്രിസ്തുമസിനോടനുബന്ധിച്ച് സൗദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവരികയും ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി രാജ്യം എല്ലാ തരത്തിലുള്ള ആഘോഷങ്ങള്‍ക്കും വേദിയാവുകയാണ് സൗദി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ‘ക്രിസ്മസ് ട്രീയും ഇസ്‌ലാമികമല്ലാത്ത മറ്റ് പ്രതീകങ്ങളും ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്’, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ശരീഅത്ത് നിയമത്തിനെതിരെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നേരത്തെ കുവൈത്തിലെ മാളില്‍ സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇസ്‌ലാമിനും ശരീഅത്ത് നിയമത്തിനും കുവൈത്തിന്റെ പാരമ്പര്യത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പൗരന്മാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാളിൽ സ്ഥാപിച്ചിരുന്ന ക്രിസ്തുമസ് ട്രീ നീക്കം ചെയ്തത്.
Post Your Comments