പാലക്കാട്: കാടുവെട്ടാൻ നീളം കൂടിയ വാൾ വേണമെന്ന് ആവശ്യപ്പെട്ടാണ്, പാലക്കാട് എലപ്പുള്ളിയിലെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള വാൾ പണിതീർത്തതെന്നു മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ മുതലമട സ്വദേശി ഷാജഹാനാണു ഗോവിന്ദാപുരത്തെ ആലയിൽ ഇരുമ്പെത്തിച്ച് വാൾ പണിത് വാങ്ങിയത്. ഷാജഹാനെ വിവിധ ഇടങ്ങളിലെത്തിച്ചു പൊലീസ് തെളിവ് ശേഖരിച്ചു.
വീടിനോടു ചേർന്ന് ഏറെ ദൂരം കുറ്റിക്കാടുണ്ട്. പന്നിശല്യവും രൂക്ഷമാണ്. കാട് വെട്ടിത്തെളിക്കാൻ നീളം കൂടിയ വാൾ വേണമെന്നുമാണു ഷാജഹാൻ അറിയിച്ചത്. പണിയാനുള്ള ഇരുമ്പ് ഷാജഹാൻതന്നെ എത്തിച്ചു. പണം പ്രശ്നമല്ലെന്നും വേഗം പണിതീർത്തു നൽകണമെന്നും ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ പണിതീർത്തെന്ന് അറിയിച്ചതിന് പിന്നാലെ വരികയും അധികപണം നൽകിയ ശേഷം വാൾ കൊണ്ടുപോകുകയും ആയിരുന്നുവെന്ന് ആല ഉടമ പൊന്നുച്ചാമി പറഞ്ഞു. ഇയാളെ മുൻ പരിചയമുണ്ടായിരുന്നതിനാൽ മറ്റു സംശയങ്ങളുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാജഹാൻ എത്തിച്ച ആയുധങ്ങൾ ഉപയോഗിച്ചാണു കൊല നടത്തിയതെന്നാണു പൊലീസ് നിഗമനം. കണ്ണനൂരിൽ ദേശീയപാതയോരത്തുനിന്നു കണ്ടെത്തിയ ആയുധങ്ങളാണോ എന്നു തിരിച്ചറിയാൻ ഫൊറൻസിക് ഫലം വരുന്നതുവരെ കാത്തിരിക്കണം. ഷാജഹാനെ കൂടുതൽ ഇടങ്ങളിലെത്തിച്ചു പൊലീസ് തെളിവ് ശേഖരിക്കും. നേരിട്ട് കൊലയിൽ പങ്കെടുത്ത മൂന്നു പേരെയും സഹായിച്ച ഒരാളെയും കണ്ടെത്താൻ കഴിഞ്ഞ ദിവസമാണു പൊലീസ് ലുക്കൗട്ട് നോട്ടിസിറക്കിയത്. ഷാജഹാൻ ഉൾപ്പെടെ അഞ്ചുപേരെയാണ് സഞ്ജിത്ത് വധക്കേസിൽ ഇതുവരെ പിടികൂടിയത്.
Post Your Comments