തിരുവനന്തപുരം : ശംഖുമുഖം റോഡ് പുനർനിർമ്മാണം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ആർക്കും പ്രത്യേകം പട്ടം ചാർത്തി കൊടുത്തിട്ടില്ലെന്നും പ്രത്യേക പരിഗണനയില്ലെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തികള്‍ ഇനിയും വൈകിയാൽ നടപടി എടുക്കേണ്ടി വരുമെന്ന് കരാർ കമ്പനിയായ ഊരാളുങ്കല്‍ ലേബർ സൊസൈറ്റിക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി.
കടൽക്ഷോഭത്തിൽ തകർന്ന ശംഖമുഖം- എയർപോർട്ട് റോഡിൻറെ പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ മാർച്ച് മാസത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ശക്തമായ തിരമാലകള്‍ വന്നടിച്ചാലും തീരം തകരാതിരിക്കാൻ പൈലിംഗ് നടത്തി ഡയഫ്രം വാൾ നിർമ്മിക്കുന്ന പ്രവർത്തിക്കളാണ് പുരോഗമിക്കുന്നത്. ഡയഫ്രം വാള്‍ നിർമ്മിച്ച ശേഷമായിരിക്കും റോഡ് നിർമ്മിക്കുക. പുനർനിർമ്മാണ പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്.
നിർമ്മാണ പുരോഗതി വിലയിരുത്താൻ പൊതുമരമാത്ത് മന്ത്രി വിളിച്ച യോഗത്തിൽ ഊരാളുങ്കലിൻറെ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല. യോഗത്തിൽ ഊരളുങ്കലിനെ മന്ത്രി വിമർശിച്ചിരുന്നു. 12.16 കോടിരൂപയ്ക്കാണ് ഊരാളുങ്കൽ നിർമ്മാണ കരാർ എടുത്തിരിക്കുന്നത്.
Post Your Comments