മുംബൈ: 2022ൽ തങ്ങളുടെ മോട്ടോർസൈക്കിളിന്റെ വില വർദ്ധിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി. 2022 ജനുവരി ഒന്നു മുതൽ വില വർധിപ്പിക്കുമെന്ന് കാവസാക്കി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ വിലയിൽ ബൈക്കുകൾ സ്വന്തമാക്കാൻ വാങ്ങുന്നവർക്ക് ഒരാഴ്ചയോളം സമയവും കമ്പനി നൽകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് 1 മുതൽ കാവസാക്കി അതിന്റെ മിക്ക മോഡലുകളുടെയും വില ഉയർത്തിയിരുന്നു. ഇതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ വില വർദ്ധന. അതേസമയം, വരാനിരിക്കുന്ന വില വർദ്ധനവിൽ, Z650, Vulcan 650, Z H2, Z H2 SE എന്നിവ ഒഴികെയുള്ള കാവസാക്കിയുടെ റോഡ്-ലീഗൽ ശ്രേണിയിൽ നിന്നുള്ള എല്ലാ ബൈക്കുകളും ഉൾപ്പെടുന്നു.
കാവസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ നിഞ്ച 300-ന്റെ എക്‌സ്‌ഷോറൂം വില 6,000 രൂപ വർധിപ്പിച്ച് 3.24 ലക്ഷം രൂപയായി. അതേസമയം, കമ്പനിയുടെ ലിറ്റർ ക്ലാസ് സൂപ്പർസ്‌പോർട്ടിന്റെ വില 23,000 രൂപ വർധിപ്പിക്കും. വിലക്കയറ്റത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അസംസ്‌കൃത വസ്‍തുക്കളുടെ വിലയിലെ വർധനവായിരിക്കാം ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also:- മുഖത്തെ പാടുകളാണോ പ്രശ്നം? പരിഹാരമുണ്ട്!!
ഡിസംബർ 31-നോ അതിനുമുമ്പോ ഉപഭോക്താക്കൾ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യുകയും ബുക്കിംഗ് തീയതി മുതൽ 45 ദിവസത്തിനുള്ളിൽ ഡെലിവറി നടത്തുകയും ചെയ്താൽ, ഡിസംബർ 31 ലെ എക്‌സ്-ഷോറൂം വില ബാധകമാകുമെന്നും കാവസാക്കി പറഞ്ഞു.
Leave a Comment