അബുദാബി: രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർ കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് യു എ ഇ. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയ ഈ പ്രായവിഭാഗത്തിൽപ്പെടുന്നവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് രോഗബാധ ഒഴിവാക്കുന്നതിനൊപ്പം രോഗബാധിതരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ബൂസ്റ്റർ ഡോസ് സഹായകമാകും. കോവിഡ് വൈറസ് വകഭേദങ്ങളെ ചെറുക്കുന്നതിൽ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. യുഎഇയിൽ കോവിഡ് വ്യാപനം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രി ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം വളരെ കുറവാണെന്നാണ് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പറയുന്നത്.
അതേസമയം 1,002 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 339 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
7,46,557 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,39,616 പേർ രോഗമുക്തി നേടി. 2,154 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,787 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 365,269 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments