KeralaLatest NewsUAEIndia

കോടിക്കണക്കിന് സ്വത്തും കൊട്ടാരം പോലെ വീടും നിരവധിപേർക്ക് ജോലിയുംകൊടുത്ത അനിത ഇന്ന് ദുബായിലെ തെരുവിൽ:ചതിച്ചത് ഭർത്താവ്

തെരുവോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിലാണ് അനിതാ ബാലുവെന്ന തിരുവനന്തപുരം സ്വദേശി കഴിയുന്നത്.

ദുബായ്: സാമ്പത്തിക പ്രതിസന്ധി മൂലം പലരും ആത്മഹത്യ ചെയ്യുന്ന വാർത്തകളാണ് നമ്മൾ ഇപ്പോൾ സാധാരണ കേൾക്കാറുള്ളത്. എന്നാൽ തന്റേതല്ലാത്ത കുറ്റത്തിന് ജയിലിൽ പോയ എല്ലാം നഷ്ടപ്പെട്ട ഒരു വനിതയുടെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ ദുബായിലെ തെരുവീഥികൾക്ക് പറയാനുള്ളത്. അനിത എന്ന 44 കാരിയാണ് ഭർത്താവിന്റെ വഞ്ചനയിൽ ദുബായിലെ തെരുവോരത്ത് കഴിയുന്നത്. എട്ടുമാസമായി തെരുവോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിലാണ് അനിതാ ബാലുവെന്ന തിരുവനന്തപുരം സ്വദേശി കഴിയുന്നത്.

കുഞ്ഞ് സ്റ്റൂളിലിരുന്നാണ് ഇവർ രാത്രി ഉറങ്ങുന്നത്. തൊട്ടടുത്തുള്ള പൊതുശൗചാലയത്തെ ആശ്രയിച്ചാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നത്. തന്റേതല്ലാത്ത കാരണത്താൽ തെരുവിൽ ഇറങ്ങേണ്ടി വന്ന ഇവർ പ്രശ്നം പരിഹരിക്കപ്പെടാതെ എവിടേക്കുമില്ലെന്ന തീരുമാനത്തിലാണ്. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇവർ ഭർത്താവിനോടും 2 ആൺമക്കളോടുമൊപ്പമായിരുന്നു ദുബായിൽ മികച്ച രീതിയിൽ താമസിച്ചിരുന്നത്. ഭർത്താവ് ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു.

1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും വിവിധ ബാങ്കുകളിൽ നിന്നു ബാലു വൻതുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിർത്തിയതു ഭാര്യ അനിതയെയായിരുന്നു. വായ്പ തിരിച്ചടക്കാനാതായപ്പോൾ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും കൊണ്ടു പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു.

36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോൾ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകൻ താൻ പഠിച്ച സ്കൂളിൽ ചെറിയൊരു ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ മകന്റെ കൂടെ താമസിക്കാൻ അനിത തയ്യാറായതുമില്ല.ഭർത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവർ തെരുവിൽ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താൽ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവർ പറയുന്നു. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിർഹവും. രണ്ടു കൂട്ടരും സിവിൽ കേസ് നൽകിയപ്പോൾ കുടുങ്ങിയത് അനിതയും.

പിന്നീട് പ്രശ്നത്തിൽ സാമൂഹിക പ്രവർത്തകർ ഇടപ്പെടുകയുണ്ടായി. ഇതിനെ തുടർന്ന് ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനൽകാൻ ബാങ്കുകാർ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബർ 30ന് മുൻപ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. പക്ഷേ ഇത്രയും തുക നൽകാൻ ആരും മുന്നോട്ട് വന്നില്ല. അഡ്വ.ഏബ്രഹാം ജോൺ ബാങ്കിന് വീണ്ടും അപേക്ഷ നൽകിയപ്പോൾ ഈ മാസം(ഡിസംബർ) അവസാനം വരെ കാലാവധി നീട്ടി നൽകി. ആ തീയതിക്ക് മുൻപ് പണം അടച്ചില്ലെങ്കിൽ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്.

അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകൾ ഒത്തുതീർപ്പാക്കാതെ എങ്ങോട്ടേക്കുമില്ലെന്ന നിലപാടിലാണ് ഇവർ. ഒരുകാലത്തു നിരവധി പേർക്ക് ജോലി നൽകിയിരുന്ന ഇവർ ഇപ്പോൾ തെരുവിൽ കഴിയുന്നതിൽ ഇവരുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഞെട്ടലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button