Latest NewsKeralaNews

ബിന്ദു അമ്മിണി ആരാണെന്ന് ഇനിയും അറിയാത്ത കുലസ്ത്രീകളും കുലപുരുഷന്‍മാരും വായിച്ചറിയുന്നതിന്, കുറിപ്പ് വൈറൽ

എനിക്കെതിരെ കൊലവിളി മുഴക്കുന്നവരറിയാന്‍ ഞാന്‍ ധീരയായ് ജീവിക്കും ധീരമായ് മരിക്കാനും ഞാന്‍ തയ്യാറാണ് .

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലൂടെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്ക് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഓട്ടോ അപകടത്തിൽ പരിക്കേറ്റ ബിന്ദു അമ്മിണിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചകൾ സജീവമാകുകയാണ്.  ബിന്ദു അമ്മിണി ആരെന്നു ഇനിയും അറിയാത്ത ആളുകൾക്ക് മുന്നിൽ തന്നെക്കുറിച്ചു ബിന്ദു  പറയുന്ന പോസ്റ്റ് വീണ്ടും ശ്രദ്ധനേടുന്നു.

‘അക്ഷരാഭ്യാസം ഇല്ലാത്ത ദളിത് മാതാപിതാക്കളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലെ അഞ്ചാമത്തെ മകള്‍. സവര്‍ണ്ണന്റെ പേരിട്ടതിന് ആക്രമിക്കപ്പെട്ട മൂന്ന് സഹോദരന്‍മാരുടെ ഇളയ സഹോദരി’-എന്നാണു ബിന്ദുവിന്റെ പോസ്റ്റിൽ പറയുന്നത്

read also: മൂന്ന് മാസത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്: കണക്കുകൾ പുറത്തുവിട്ട് സൗദി

ബിന്ദു അമ്മിണി എഴുതിയത്

ബിന്ദു അമ്മിണി എന്ന ഞാന്‍ ആരാണെന്ന് ഇനിയും അറിയാത്ത കുലസ്ത്രീകളും കുലപുരുഷന്‍മാരും വായിച്ചറിയുന്നതിന് ‘
അക്ഷരാഭ്യാസം ഇല്ലാത്ത ദളിത് മാതാപിതാക്കളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലെ അഞ്ചാമത്തെ മകള്‍.

സവര്‍ണ്ണന്റെ പേരിട്ടതിന് ആക്രമിക്കപ്പെട്ട മൂന്ന് സഹോദരന്‍മാരുടെ ഇളയ സഹോദരി .
അഞ്ചാം വയസില്‍ മരിക്കാനിറങ്ങി പുറപ്പെട്ട അമ്മയുടെ കൂടെ മരണത്തിന് കൂട്ടിറങ്ങിയവള്‍. പിന്നീട് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ അഞ്ചാം വയസു മുതല്‍ അമ്മയ്‌ക്കൊപ്പം അധ്വാനിച്ചവള്‍.

ആറാം ക്ലാസിലെത്തിയപ്പോള്‍ എട്ട് സ്‌കൂളുകളില്‍ മാറി മാറി പഠിച്ചവള്‍.
സ്‌കൂള്‍ തലത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും (ക്വിസ്സ്, സ്‌പോര്‍ട്‌സ് ലരേ) ജൂനിയര്‍ റെഡ് ക്രോസിന്റെ പ്രസിഡന്റ്, ഫോറസ്ട്രി ക്ലബ്ബിന്റെ പ്രസിഡന്റ് ‘ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുകയും, ക്ലാസ്സ് ടീച്ചര്‍ തന്നെ ഏറ്റവും നല്ല ക്ലാസ്സ് ലീഡര്‍ എന്ന് വിശേഷിപ്പിച്ചിട്ടും ഭട്ടതിരി ആയ ക്ലാസ്സ് ടീച്ചര്‍ എസ്എസ്എൽസി ബുക്കില്‍ എല്ലാത്തിനും എനിക്ക് ആ വറേജും പഠനത്തില്‍ മാത്രം മികവ് പുലര്‍ത്തിയിരുന്ന ലീന നായര്‍ക്ക്
ഉയർന്ന മാർക്കും രേഖപ്പെടുത്തിയപ്പോള്‍ നിസഹായതയോടെ നോക്കി നിന്നവള്‍

പ്രീഡിഗ്രി ഒന്നാം വര്‍ഷം തന്നെ നാഷനല്‍ സര്‍വ്വീസ് സ്‌കീം ലേഡി വോളന്റിയര്‍ സെക്രട്ടറിയായും ബെസ്റ്റ് ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടും പിന്നീട് വിസ്മരിക്കപ്പെട്ടവള്‍. ഒരുമിച്ച് കളിച്ചു നടന്നവരില്‍ നിന്നും അവരിലൊരുവന്റെ പ്രണയം നിഷേധിച്ചതിനും , ഉയര്‍ന്ന ജാതിയില്‍പ്പെട്ടവനെ പ്രണയിച്ചതിനും സാമൂഹികമായ് ആക്രമിക്കപ്പെട്ടവള്‍. അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് പോലീസ് സ്റ്റേഷന്റെ മുകള്‍ നിലയില്‍ നിന്നും ചാടി രക്ഷപ്പെട്ടവള്‍. വനിതാ പോളിടെക്‌നിക് ചെയര്‍പേഴ്‌സണ്‍ ആയിരിക്കേ പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഷനില്‍ ആക്കിയവള്‍

പത്തൊന്‍പതാം വയസില്‍ കോഴിക്കോട് വച്ച് അപമാനിക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകനെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചവള്‍. കൊല്ലത്ത് കശുവണ്ടി തൊഴിലാളികള്‍ നടത്തിയ സമരത്തിന് ആദ്യാവസാനം തോളോട് തോള്‍ ചേര്‍ന്ന് നിന്നവള്‍. എം.എല്‍ പ്രസ്ഥാനങ്ങളില്‍ സജീവമായ് നിന്ന് അവസാനം കനു സന്യാല്‍ വിഭാഗത്തിന്റെ കേരള ഘടകം സെക്രട്ടറിയും, കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നിട്ടും രാജിവച്ച് പോന്നവള്‍

തിരുവനന്തപുരം ദന്തല്‍ കോളേജില്‍ വച്ച് ഡ്യൂട്ടി ചെയ്യാതെ എന്നെ തെറി വിളിച്ച ആഷിക് എന്ന ഡോക്ടറെ ചെകിട്ടത്ത് തല്ലിയതിന് ശാലു മേനോന്റെ ഒപ്പം ജയില്‍ മുറി പങ്കിട്ടവള്‍. കേറിക്കിടക്കാന്‍ ഒരു ഒറ്റമുറി പോലുമില്ലാതെ 4 വയസുള്ള മകളെ വൈ.എം.സി.എ നടത്തിയിരുന്ന അനാഥ കുട്ടികളുടെ കൂടെ നിര്‍ത്തേണ്ടി വന്നവള്‍. എല്‍.എല്‍.എം.ന് പഠിക്കുമ്പോള്‍ ഹോസ്റ്റല്‍ രക്ഷാതികാരി ആയിരുന്ന മുരളീധരന്‍ എം.എല്‍.എ യുടെ കനിവ് കൊണ്ട് രാത്രി വൈകിയും ഹോസ്റ്റലില്‍ കയറാന്‍ അനുവാദം കിട്ടുകയും കനകക്കുന്നിലും മറ്റും എക്‌സിബിഷന്‍ നടത്തി പഠനം മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ അതിനെക്കുറിച്ച് ഹിന്ദുവില്‍ വന്ന വാര്‍ത്ത കണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കോളേജിന് നാണക്കേട് ഉണ്ടാക്കിയെന്ന് പറയുമ്പോള്‍ ഒരക്ഷരം മിണ്ടാനാവാതെ നിസഹായതയോടെ നിന്നവള്‍

അതേ കോളേജില്‍ റാങ്കില്‍ അവസാനത്തെ ആളായ് ചേരാന്‍ ചെന്നപ്പോള്‍ നൂറുശതമാനം പ്ലേയ്‌സ്‌മെന്റ് കിട്ടുന്ന ഈ കോളേജില്‍ ഉഴപ്പാനാണെങ്കില്‍ , ഗവ.ലോ കോളേജില്‍ പോയ് ചേര്‍ന്നോളൂ എന്ന് പറഞ്ഞിടത്ത് രണ്ടാം സെമസ്റ്റര്‍ പൂര്‍ത്തി ആകുന്നതിന് മുന്‍പ് NET എഴുതി എടുക്കകയും, കോഴ്‌സ് കഴിഞ്ഞ് മൂന്നാം മാസം KMCT ലോ കോളേജില്‍ എന്റെ ബാച്ചില്‍ നിന്നും ആദ്യം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തവള്‍. ദാരിദ്ര്യത്താല്‍ ചെരുപ്പിടാകെ കോഴിക്കോട് നഗരത്തിലൂടെ നടന്നപ്പോള്‍ ഒരു ഭ്രാന്തിയെ പോലെ എന്നെ നോക്കിയവരെ നോക്കി പുഞ്ചിരിച്ചവള്‍.
ഗര്‍ഭിണി ആയിരിക്കെ മരുന്ന് വാങ്ങാന്‍ കാശില്ലാതെ സി.പി.ഐ എം.എല്‍.സെക്രട്ടറിയുടെ മുന്‍പില്‍ കാശിന് യാചിക്കുമ്പോള്‍ അവരുടെ നിസഹായത മനസിലാക്കേണ്ടി വന്നവള്‍.വീണ്ടും ഒരു കുഞ്ഞിനെ പ്രസവിക്കാനാഗ്രഹിച്ചിട്ടും ദാരിദ്യ ത്താന്‍ അത് മാറ്റി വച്ചവള്‍. മരിക്കാന്‍ ആഗ്രഹിച്ചിട്ടും തോറ്റ് മരിക്കാന്‍ തയ്യാറാകാതിരുന്നവള്‍
ലോ കോളേജിലെ ജോലിക്കിടയിലും തിരുപ്പൂരിലെ തെരുവുകളിലൂടെ എടുക്കാന്‍ കഴിയുന്നതിലേറെ ഭാരം താങ്ങി നടന്നവള്‍
മുന്തിയ തുണിത്തരങ്ങള്‍ക്കിടയില്‍ നിന്ന് വിറ്റു പോകാത്തത് തെരഞ്ഞെടുത്ത് ധരിക്കാന്‍ വിധിക്കപ്പെട്ടവള്‍. സത് സ്വഭാവിയും, ക്ഷമാശാലിയും, എന്റെ എന്റെ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു തരുന്ന വന്നു മായ ജീവിത പങ്കാളിയെ ഒരാഗ്രഹവും പറഞ്ഞ് ബുദ്ധിമുട്ടിക്കാത്തവള്‍. ഞാന്‍ ഒറ്റയ്ക്ക് പോരാടി നേടി എടുത്ത എന്റെ അറിവ് ,വിദ്യാഭ്യാസം, നിലപാട് ഇതൊന്നും ആരുടെ മുന്‍പിലും അടിയറ വയ്ക്കാന്‍ തയ്യാറല്ല.

സംസ്‌കാര സമ്പന്നരായ കുലസ്ത്രീകളേ നിങ്ങള്‍ക്കറിയാമോ നിങ്ങളുടെ മക്കള്‍, ഭര്‍ത്താവ്, സഹോദരന്‍ ഇവരൊക്കെ എനിക്ക് എഴുതുന്ന കത്തുകളിലെ സംസ്‌കാരം . ഇവരുടെ കൂടെ ജീവിക്കേണ്ടി വരുന്ന നിങ്ങളെ ഓര്‍ത്ത് സഹതാപം . എനിക്കെതിരെ വരുന്ന പോസ്റ്റുകളും കമന്റുകളും വായിച്ചു നോക്കൂ. ഈ സംസ്‌കാര ശൂന്യരെ പെറ്റു വളര്‍ത്തിയ അമ്മമാരെ നിങ്ങളെ ഓര്‍ത്ത് സഹതപിക്കുന്നു. പിതാക്കന്‍മാരെ നിങ്ങളെ ഓര്‍ക്കുന്നത് തന്നെ അപമാനം.
എനിക്കെതിരെ കൊലവിളി മുഴക്കുന്നവരറിയാന്‍ ഞാന്‍ ധീരയായ് ജീവിക്കും ധീരമായ് മരിക്കാനും ഞാന്‍ തയ്യാറാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button