
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുരോഗമന മുഖമായിരുന്നു പിടി തോമസ് എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സ്വന്തം വ്യക്തിത്വം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നേതാവും നിലപാടിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹമെന്ന് സുധാകരന് പറഞ്ഞു. അപ്രിയ സത്യങ്ങള്‍ പോലും സധൈര്യം ലോകത്തോട് വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാട്ടിയ നേതാവും പ്രകൃതിയെയും മനുഷ്യനെയും കലര്‍പ്പില്ലാതെ സ്നേഹിച്ച നേതാവുമാണ് പി ടി തോമസ് എന്ന് അദ്ദേഹം അനുസ്മരിച്ചു.
കെഎസ്യുവിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയകാലത്ത് തന്നെ പി ടി തോമസിനെ പരിചയപ്പെടാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും പ്രായം കൊണ്ടും തന്നെക്കാള്‍ ചെറുപ്പമാണെങ്കിലും പക്വതയാര്‍ന്ന രാഷ്ട്രീയ നേതാവിന്റെ എല്ലാ ഗുണഗണങ്ങളും ചെറുപ്പം മുതല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഏത് രാഷ്ട്രീയ പ്രശ്ങ്ങള്‍ക്കും പരിഹാരം കണ്ടെത്താനും മറ്റുള്ളവരുടെ വികാരം ഉള്‍ക്കൊള്ളുന്ന നേതാക്കളില്‍ ഒരാളാണ് പി ടി തോമസ്. വിശ്വാസ്യത അദ്ദേഹത്തിന്റെ അമൂല്യമായ സമ്പത്തമാണ്. എടുക്കുന്ന നിലപാടുകളില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ ഉറച്ച് നില്‍ക്കാനുള്ള തന്റേടം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആ നിലപാട് ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ജനങ്ങളുടെ മനസില്‍ ആദരവും ബഹുമതിയും ലഭിച്ചിട്ടുണ്ട്. പി ടി തോമസ് വിയോജിപ്പ് പ്രകടിപ്പിച്ച പല പ്രശ്നങ്ങളും രാഷ്ട്രീയമായ അപഗ്രഥനവും പഠനവും നടത്തുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ വസ്തുത ശരിയാണെന്ന് ബോധ്യമാകും. അത് പല സന്ദര്‍ഭത്തിലും താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സുധാകരന് പറയുന്നു.
മികിച്ച സംഘാടകനും നല്ല വാഗ്മിയും വിശ്വസ്തനായ സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. എളിമയും വിനയുമായിരുന്നു മറ്റൊരു പ്രത്യേകത. ധാര്‍മികമൂല്യങ്ങളോടുള്ള പ്രതിബദ്ധത മറ്റൊരു സവിശേഷത ആയിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും കാട്ടാത്ത നേതാവ്. പി ടിയുടെ സ്വഭാവശുദ്ധി എടുത്തു പരാമര്‍ശിക്കേണ്ട മറ്റൊരു സവിശേഷതയാണ്. താന്‍ ഏത് കാര്യവും ആദ്യം ചര്‍ച്ച ചെയ്യുന്നത് പി ടി തോമസിനോടാണ്. സമചിത്തതയോടെയുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹത്തില്‍ നിന്നും ലഭിക്കും. ഏത് വിഷയത്തെയും ദീര്‍ഘവീക്ഷണത്തോടെയാണ് പി ടി സമീപിക്കുന്നത്. വരുംവരായികള്‍ മുന്‍കൂട്ടി കാണാനും അതിന് പരിഹാരം കണ്ടെത്താനുമുള്ള അദ്ദേഹത്തിന്റെ പാടവം പാര്‍ട്ടിക്ക് പലപ്പോഴും ഗുണം ചെയ്തിട്ടുണ്ട്.
വ്യക്തിപരമായി ഏറെ സ്വാധീനം ചെലുത്തിയ സഹപ്രവര്‍ത്തകനാണ് പി ടി തോമസ്. കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് പി ടി തോമസിനുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും സ്നേഹവും അത്ഭുതപ്പെടുത്തുന്നതാണ്. പിടി തോമസ് എന്ന നേതാവിന്റെ വളര്‍ച്ചയ്ക്ക് കരുത്തും കരുതലും പകര്‍ന്നത് അദ്ദേഹത്തിന്റെ കുടുംബമാണ്. രാഷ്ട്രീയരംഗത്തെ തിരിക്കുകള്‍ക്കിടയിലും കുടുംബനാഥന് എന്ന നിലയില്‍ ശോഭിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
Read Also : ‘ഞാന്‍ വിപ്ലവകാരി’: സര്‍ക്കാരുകള്‍ വരും പോകും പക്ഷെ താൻ സത്യം മാത്രമാണ് പറയാറുള്ളുവെന്ന് വരുണ്‍ ഗാന്ധി
ജനപ്രതിനിധി എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് പി ടി തോമസ് കാഴ്ച വെച്ചത്. ജനങ്ങളോടുള്ള പ്രതിബദ്ധത അദ്ദേഹമെന്നും കാത്തു സൂക്ഷിച്ചിരുന്നു. മികച്ച നിയമസഭാംഗം കൂടിയായിരുന്നു അദ്ദേഹം. വിഷങ്ങളെ പഠിച്ച് സഭയില്‍ അവതരിപ്പിക്കാന്‍ പി ടി തോമസിന് കഴിഞ്ഞിരുന്നു. പി ടി തോമസിന്റെ പ്രസംഗം പ്രതിപക്ഷ അംഗങ്ങള്‍ പോലും സസൂക്ഷമം വീക്ഷിച്ചിരുന്നു. ലോക്സഭയിലും നിയമസഭയിലും ഒരുപോലെ ശോഭിച്ച ജനപ്രതിനിധി കൂടിയായിരുന്നു പി ടി തോമസ്. ഇടപ്പെട്ട സമസ്തമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. കോണ്‍ഗ്രസിന്റെ അമൂല്യമായ സമ്പത്തും സ്വകാര്യ അഹങ്കാരവുമായിരുന്നു പി ടി തോമസ് എന്ന് സുധാകരന് ഓര്‍ത്തു.
അദ്ദേഹം ഇത്രയും വേഗം വിടപറയുമെന്ന് ഒരിക്കലും കരുതിയില്ല. വെല്ലൂരില്‍ ചികിത്സയ്ക്ക് പോകുമ്പോഴും അദ്ദേഹം നല്ല ആത്മവിശ്വാസത്തിലായിരുന്നു. ചികിത്സയിലിരിക്കെ പലതവണ താന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഞങ്ങള്‍ക്കെല്ലാം ഊര്‍ജ്ജവും കരുത്തും നല്കി. പി ടി തോമസിന്റെ കരുത്താര്‍ജിച്ചുള്ള മടങ്ങിവരവിനായി കാത്തിരുന്നു. എന്നാല്‍ പൊടുന്നനെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി എന്നറിഞ്ഞപ്പോള്‍ വല്ലാത്ത വേദനതോന്നിയെന്ന് സുധാകരന് പറയുന്നു. പിടി തോമസ് ആയതിനാല്‍ അത്തരം ദുരവസ്ഥയെ അതിജീവിക്കുമെന്ന് കരുതി. പക്ഷെ, അതെല്ലാം തെറ്റിച്ച് പിടി തോമസ് പോയി. വല്ലാത്ത ശൂന്യതയും വലിയ ഹൃദയവേദനയുമാണ് അനുഭവപ്പെടുന്നതെന്ന് സുധാകരന് കൂട്ടിച്ചേര്‍ത്തു.
Post Your Comments