ജെറുസലേം: ഒമിക്റോൺ ഭീതി ലോകം മുഴുവൻ പടരുന്നതിനിടെ ഇസ്രായേലിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ബീർഷെബ നഗരത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ബീർഷെബയിലെ സോറോക്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ഒമിക്റോൺ വകഭേദം ബാധിച്ച് ഒരു വൃദ്ധൻ മരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ കാൻ ബ്രോഡ്കാസ്റ്ററിന്റെ റിപ്പോർട്ട് പ്രകാരം മരിച്ചയാൾക്ക് 75 വയസ്സുണ്ട്. അദ്ദേഹത്തിന് മുമ്പേ തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
മരിച്ച വ്യക്തിക്ക് രണ്ട് ഡോസ് വാക്സിനേഷന്റെ അവസാന ഡോസ് ആറ് മാസം മുമ്പാണ് നൽകിയത്. രാജ്യത്ത് ഏകദേശം 340 ഒമിക്റോൺ കേസുകൾ ഉണ്ടെന്ന് ഇസ്രായേലി ആരോഗ്യമന്ത്രാലയം മുമ്പ് പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡ് കേസുകളുടെ വർദ്ധനവ് സൂചിപ്പിച്ച് അഞ്ചാമത്തെ കോവിഡ് തരംഗം ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ലോകോമീറ്റർ കണക്ക് അനുസരിച്ച് രാജ്യത്ത് 1,357,974ലധികം പേർക്ക് രോഗം ബാധിച്ചു.
കൂടാതെ 8,232ലധികം ആളുകൾക്ക് കൊറോണ വൈറസ് മൂലം ജീവൻ നഷ്ടപ്പെട്ടു. ഇസ്രായേലിൽ സജീവമായ കേസുകളുടെ എണ്ണം 8,322 ആണ്, 1,341,420 പേർ സുഖം പ്രാപിച്ചു. അതേസമയം ലോകമെമ്പാടും അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദം കൂടുതൽ പടരാതിരിക്കാൻ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ.
യുഎസ്, കാനഡ, ജർമ്മനി എന്നിവയുൾപ്പെടെ 10 രാജ്യങ്ങളെ കൂടി പട്ടികയിൽ ചേർത്തുകൊണ്ട് തങ്ങളുടെ യാത്രാ പട്ടികയിലെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം വിപുലീകരിക്കുകയാണെന്ന് ഇസ്രായേൽ സർക്കാർ പ്രസ്താവിച്ചു. ഈ രാജ്യങ്ങൾക്ക് പുറമെ ഡിസംബർ 15ന് അയർലൻഡ്, സ്പെയിൻ, നോർവേ, ഫിൻലൻഡ്, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ഇസ്രായേൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Post Your Comments