ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256.89 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ടെണ്ടറാണ് അംഗീകരിച്ചത്.
ഈ വർഷത്തെ പുതുക്കിയ ബജറ്റിൽ സംസ്ഥാനത്തെ തീരസംരക്ഷണത്തിനായി 1500 കോടി കിഫ്ബി വഴി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി
ചെല്ലാനം കടൽ തീരത്ത് 10 കി.മീറ്റർ നീളത്തിൽ ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തി പുനരുദ്ധാരണത്തിനായി 254.20 കോടി രൂപയുടേയും
ബസാർ , കണ്ണമ്മാലി ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നിർമ്മാണത്തിനായി 90 കോടി രൂപയുടേയും പ്രവൃത്തിക്ക് ഭരണാനുമതി നൽകി.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിശ്ചയിക്കുകയും ചെയ്തു. 344.20 കോടി രൂപയുടെ പദ്ധതിക്ക് കിഫ് ബി ജൂലൈ 7 ന് സാമ്പത്തികാനുമതിയും നൽകി.
ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.
ചെല്ലാനം കടൽ തീരത്തിന്റെ ആകെ നീളം 20.905 കി.മീ ആണ്. 60 വർഷത്തോളം പഴക്കമുള്ള കടൽ ഭിത്തികൾ ഇവിടെയുള്ളത്. പല പ്രദേശങ്ങളിലും ഇത് തകർന്ന നിലയിലുമാണ്. വരുന്ന കാലവർഷത്തിനു മുമ്പായി കല്ലുകൾ വിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചെല്ലാനത്തെ കടലാക്രമണ ഭീഷണിക്ക് ശാശ്വത പരിഹാരം കാണുമെന്ന ഉറപ്പു പാലിക്കുന്നതിൽ സുപ്രധാന നടപടിയാണിതെന്ന് ജില്ലയുടെ ചുമതല കൂടിയുള്ള വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ചെല്ലാനത്തിന്റെ പ്രശ്ന പരിഹാരത്തിന് മുൻഗണന നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Post Your Comments