Latest NewsKeralaIndia

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി എസ്ഡിപിഐ, ‘മൂത്രം പോലും പോകുന്നില്ല’

മര്‍ദ്ദനവിവരം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും മൂത്രം പോകാത്ത അവസ്ഥയിലാണ് ഫിറോസ് ഇപ്പോള്‍ കഴിയുന്നത് എന്നും മുവാറ്റുപുഴ അഷറഫ്

മൂവാറ്റുപുഴ: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് എസ്ഡിപിഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. ഫിറോസ് എന്ന 25കാരനെയാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും മര്‍ദ്ദനവിവരം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും മൂത്രം പോകാത്ത അവസ്ഥയിലാണ് ഫിറോസ് ഇപ്പോള്‍ കഴിയുന്നത് എന്നും മുവാറ്റുപുഴ അഷറഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

‘ഇന്നലെ മണ്ണഞ്ചേരിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ഡിവൈഎസ്പി ഓഫീസില്‍ ക്യാമറയുള്ളത് കൊണ്ട് എആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ട് വന്ന് ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് ഫിറോസിനെ മര്‍ദ്ദിച്ചത്. ജയ്ശ്രീറാം വിളിക്കാന്‍ പറഞ്ഞുകൊണ്ടാണ് പൊലീസ് മര്‍ദ്ദിച്ചത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി. ഗുരുതരാവസ്ഥയിലായതോടെ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്രം പോകാത്ത അവസ്ഥയിലാണ് ഫിറോസ് ഇപ്പോള്‍ കഴിയുന്നത്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.’

ആര്‍എസ്എസിന് അനുകൂലമായാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് സമീപനം പക്ഷപാതിത്വപരമാണെന്നും അഷറഫ് മൗലവി കൂട്ടിച്ചേര്‍ത്തു. ഷാന്‍ കൊലപാതകത്തില്‍ പൊലീസ് തയ്യാറാക്കിയ പ്രതിപ്പട്ടിക പലരെയും രക്ഷിക്കാനാണ് വേണ്ടിയുള്ളതാണ്. ആര്‍എസ്എസ് അജണ്ടയ്ക്ക് അനുസൃതമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അഷറഫ് മൗലവി ആരോപിച്ചു.

കൊലയ്ക്ക് കൊലയെന്നതല്ല എസ്ഡിപിഐയുടെ രാഷ്ട്രീയ രീതി. എന്നാല്‍ ഇങ്ങോട്ട് തല്ലാന്‍ വന്നാല്‍ കവിള്‍ കാട്ടികൊടുക്കാന്‍ തയ്യാറല്ല. തല്ലാന്‍ വന്നാല്‍ കൈ പിടിക്കും. ആക്രമിക്കാന്‍ വന്നാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്നും അഷറഫ് മൗലവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button