ന്യൂഡല്‍ഹി : ഡൽഹയിലെ രോഹിണി ജില്ലാ കോടതിയില്‍ ടിഫിന്‍ ബോക്‌സ് ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ അറസ്റ്റിലായ മുതിര്‍ന്ന ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ശുചിമുറിയില്‍ കയറി ഹാന്‍ഡ് വാഷ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കടാരിയ (47)യെ എയിംസില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്.
അയല്‍വാസിയായ അഭിഭാഷകനെ കൊലപ്പെടുത്താനാണ് കടാരിയ കോടതി മുറിക്കുള്ളില്‍ ടിഫിന്‍ ബോക്‌സില്‍ ഐഇഡി വെച്ചതെന്ന് കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താന അറിയിച്ചിരുന്നു.
ഈ മാസം 9-ന് രോഹിണി കോടതിയിലെ 102-ാം നമ്പര്‍ മുറിയില്‍ സിറ്റിങ്ങിനിടെ രാവിലെ പത്തരയോടെയായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. ഈ സമയം കടാരിയ ലക്ഷ്യമിട്ട അഭിഭാഷകനും കോടതിയിലുണ്ടായിരുന്നു. 2 ബാഗുകളുമായി കോടതിയിലെത്തിയ കടാരിയ, ബോംബ് സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് ബാഗ് ഉപേക്ഷിച്ചാണ് മടങ്ങിയത്. എന്നാല്‍, ബോംബ് നിര്‍മിച്ചതിലെ അപാകത കാരണം ഡിറ്റനേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചത്. സിസിടിവി ദൃശ്യങ്ങളും കോടതി വളപ്പിലെത്തിയ കാറുകളുടെ വിശദാംശങ്ങളും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
Post Your Comments