Latest NewsKeralaNews

കേരളത്തെ ചോരക്കളമാക്കാൻ വർഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും രംഗത്തു വരണം: സിപിഐഎം

ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട്‌ വർഗ്ഗീയ ശക്തികൾ മത്സരിച്ച്‌ നടത്തിയ കൊലപാതകങ്ങൾ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്‌.

തിരുവനന്തപുരം: ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ പ്രതികരിച്ച് സിപിഐഎം. സമാധാന കേരളത്തെ ഇല്ലാതാക്കാൻ രണ്ട്‌ വിഭാഗം വർഗ്ഗീയശക്തികൾ നടത്തുന്ന നിഷ്‌ഠൂരമായ പരസ്‌പര കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.

‘കേരളത്തെ ചോരക്കളമാക്കാൻ വിരുദ്ധ വർഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണർവോടെയും ജാഗ്രതയോടെയും രംഗത്തു വരണം. എൽ.ഡി.എഫ്‌ ഭരണത്തിൽ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്‌. അതില്ലാതാക്കാനുള്ള ബോധപൂർവ്വമായ യജ്ഞത്തിലാണ്‌ വർഗ്ഗീയ ശക്തികൾ. മതവർഗ്ഗീയത പരത്തി ജനങ്ങളിൽ സ്‌പർദ്ധയും അകൽച്ചയും ഉണ്ടാക്കി നാട്ടിൽ വർഗ്ഗീയ ലഹളയുണ്ടാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ട്‌’- സിപിഐഎം വ്യക്തമാക്കി.

‘ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട്‌ വർഗ്ഗീയ ശക്തികൾ മത്സരിച്ച്‌ നടത്തിയ കൊലപാതകങ്ങൾ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്‌. എസ്‌.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറിൽ കാറിടിച്ചിട്ട്‌ ബി.ജെ.പിക്കാർ അരുംകൊല ചെയ്‌തപ്പോൾ, ബി.ജെ.പി നേതാവിനെ വീടുകയറി എസ്‌.ഡി.പി.ഐക്കാർ നിഷ്‌ഠൂരമായി കൊല്ലുകയായിരുന്നു. സംസ്ഥാനത്ത്‌ നിലനിൽക്കുന്ന സമാധാനജീവിതത്തെ തകിടം മറിയ്‌ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ ഈ ആക്രമണങ്ങൾ’- പ്രസ്‌താവനയിൽ പറഞ്ഞു.

Read Also: 18 വയസ് കനോന്‍ നിയമപ്രകാരമുള്ളതാണ്: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ നിലപാട് വ്യക്തമാക്കി മാര്‍ ജോര്‍ജ് ആലഞ്ചേരി

‘കൊലപാതക ശക്തികൾ തന്നെ എൽ.ഡി.എഫ്‌ ഭരണത്തെ കുറ്റപ്പെടുത്താൻ ഇറങ്ങിയിരിക്കുന്നത്‌ അതിശയകരമാണ്‌.കേരളം നിയമവാഴ്‌ചയില്ലാത്ത സംസ്ഥാനമായി മാറിയെന്ന്‌ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുടെ പ്രസ്‌താവന ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്‌. ബി.ജെ.പിയുടെ സ്വരം തന്നെയാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ പ്രതികരണങ്ങളിൽ കേൾക്കുന്നത്’- സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button