തിരുവനന്തപുരം: റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ പിടിയിൽ. പേരൂര്‍ക്കട സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ പശ്ചിമ ബംഗാള്‍ പരഗനാസ് സ്വദേശി ശങ്കര്‍ ദാലിയെയാണ് (29) പൊലീസ് പിടികൂടിയത്.
കൊല്‍ക്കത്തയില്‍ നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിട്ട. ഉദ്യോഗസ്ഥനുമായി വാട്സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച്, കേരളത്തിൽ ബിസിനസ് തുടങ്ങാന്‍ താൽപര്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
16 കോടി ഇന്ത്യന്‍ രൂപക്ക് തുല്യമായ 2.2 കോടി ഡോളര്‍ അടങ്ങിയ പാര്‍സല്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയെന്നും കസ്റ്റംസ് ഡ്യൂട്ടിയും ജി.എസ്.ടിയും അടക്കണമെന്നും അല്ലാത്തപക്ഷം ഡോളര്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുമെന്നും പറഞ്ഞ് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 27.34 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
Read Also : രക്തസാക്ഷിത്വം ആഗ്രഹിച്ചിരുന്നു, ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദം, ആഹ്ലാദമെന്ന് എസ്ഡിപിഐ നേതാവ്: വീഡിയോ
സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നിര്‍ദേശപ്രകാരം സിറ്റി സൈബര്‍ ക്രൈം സ്റ്റേഷന് എസ്.എച്ച്.ഒ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശ്യാംലാലിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ്കുമാര്‍ പി.ബി, സബ് ഇന്‍സ്പെക്ടര്‍ ബിജുലാല്‍ കെ.എന്‍, സൈബര്‍ ക്രൈം സ്റ്റേഷന് സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജേഷ്, ആദര്‍ശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കൊല്‍ക്കത്ത പർണശ്രീയില്നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഡെബിറ്റ് കാര്‍ഡുകള്‍, പാസ്ബുക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തി. പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments