ന്യൂഡല്‍ഹി: കോവോവാക്‌സ് വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. പൂനെ സിറം ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ച കുട്ടികൾക്കുള്ള വാക്‌സിനാണ് അനുമതി ലഭിച്ചത്. 12 മുതല്‍ 17വരെ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സീനാണ് അംഗീകാരം ലഭിച്ചത്. വെള്ളിയാഴ്ചയാണ് വാക്‌സീന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കിയത്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതു മറ്റൊരു നേട്ടമാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനാവാല പ്രതികരിച്ചു.
കോവോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ഡബ്ല്യുഎച്ച്ഒ അനുമതി ലഭിച്ചിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അദാര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു.താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് ഇത് ആവശ്യമായ ഉത്തേജനം നല്‍കുമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.പുതിയ വകഭേദങ്ങള്‍ വരുന്നുണ്ടെങ്കിലും കോവിഡ് കാരണമുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിലൊന്നാണ് വാക്സിനുകളെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കോവോവാക്സ് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. അത്തരത്തില്‍ 41 രാജ്യങ്ങളില്‍ ഇപ്പോഴും അവരുടെ ജനസംഖ്യയുടെ 10 ശതമാനത്തിനുപോലും വാക്സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 98-ഓളം രാജ്യങ്ങള്‍ക്ക് അവരുടെ ജനസംഖ്യയുടെ 40 ശതമാനം ആള്‍ക്കാര്‍ക്ക് പോലും വാക്സിന്‍ നല്‍കാനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ അറിയിച്ചു.നൊവവാക്സുമായി സഹകരിച്ച് ഈ വര്‍ഷം ജൂണ്‍ 25 മുതലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവൊവാക്സിന്റെ വിതരണം രാജ്യത്ത് ആരംഭിച്ചത്. അമേരിക്കയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കൊവൊവാക്‌സ് 89.3% ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു.
Post Your Comments