ന്യൂഡൽഹി: ആധാറും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് ഉൾപ്പെടുന്ന പ്രധാന തെരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. വരാൻ പോകുന്ന സമ്മേളനത്തിൽ ഈ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
ബിൽ അവതരിപ്പിച്ച ശേഷം, അത് സൂക്ഷ്മ പരിശോധനയ്ക്കായി സ്റ്റാൻഡിങ് കമ്മിറ്റിയ്ക്കു വിടാൻ സാധ്യതയുണ്ട്. അതിനാൽ, അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയാലും, 2022 ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമോ എന്ന കാര്യം സംശയമാണ്.
ഒരാൾക്ക് ഒരിടത്തു മാത്രമേ വോട്ട് ചെയ്യാനാവൂ എന്നതാണ് ആധാറും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം. ഇതോടെ, ഇരട്ട വോട്ട് പൂർണമായും ഇല്ലാതാകും. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമാണെന്ന് കണ്ടതിനെ തുടർന്നാണ് ഭേദഗതി നിർദ്ദേശം കേന്ദ്രസർക്കാരിനു മുന്നിൽ സമർപ്പിക്കപ്പെട്ടത്.
Post Your Comments