വാഷിംഗ്ടണ്‍: ആഗോളതലത്തിൽ ഇസ്ലാമോഫോബിയ തടയാനൊരുങ്ങി അമേരിക്ക. ബില്‍ യു.എസ് ജനപ്രതിനിധി സഭ പാസാക്കി. 212നെതിരെ 219 വോട്ടുകള്‍ക്കാണ് ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഉമര്‍ കൊണ്ടുവന്ന ബില്‍ സഭ പാസാക്കിയത്. ബില്ലില്‍ ഇനി പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെക്കണം. എല്ലാ മതങ്ങളും തുല്യമായി പരിഗണിക്കപ്പെടണമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ വൈറ്റ് ഹൗസ് ബില്ലിന് അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മിനിസോട്ട സ്റ്റേറ്റിനെ തീവ്രവാദി പ്രദേശം എന്ന് വിളിച്ച റിപബ്ലിക്കന്‍ പ്രതിനിധി ലോറന് ബിയോബെര്‍ട്ടിനെ കമ്മിറ്റി ചുമതലകളില്‍നിന്ന് ഒഴിവാക്കാന്‍ പ്രത്യേക നടപടി സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് ബില്‍ പാസായിരിക്കുന്നത്. മിനിസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗമായ ഇല്‍ഹാന്‍ ഉമറിനെ തീവ്രവാദി സംഘാംഗമെന്നും ബിയോബെര്‍ട്ട് ആരോപണം ഉന്നയിച്ചിരുന്നു. ഒക്ടോബറിലാണ് ഇല്‍ഹാന്‍ ഉമര്‍ ബില്‍ അവതരിപ്പിച്ചത്.30 അമേരിക്കന്‍ നിയമജ്ഞരുടെ പിന്തുണയോടെയായിരുന്നു ബില്‍ തയാറാക്കിയത്. ലോകമെമ്പാടുമുള്ള ഇസ്ലാമോഫോബിയ നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനുമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു പുതിയ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും.
Read Also: ഇനി നാല് ദിവസം ബാങ്ക് ഇടപാടുകൾ സ്തംഭിക്കും: ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിലേക്ക്
നിയമപ്രകാരം വിവിധ സ്റ്റേറ്റുകളില്‍ പുതിയ ഓഫീസ് സ്ഥാപിക്കുകയും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്യും. ഇവര്‍ മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ തടയാനായി പ്രവര്‍ത്തിക്കും. മുസ്ലിങ്ങളുടെ ആഗോള പ്രശ്നങ്ങള്‍ നിയമനിര്‍മാതാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കാനും യു.എസ് നേതൃത്വത്തിന് അവ തടയാനുള്ള വഴികള്‍ പറഞ്ഞു കൊടുക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥന് പ്രവര്‍ത്തിക്കും. തുടങ്ങിയവയാണ് ബില്ലില്‍ പറയുന്നത്.
Post Your Comments