തഞ്ചാവൂര്‍: രാത്രിയില്‍ സംസാരിച്ച് നിന്ന സഹപാഠികളായ വിദ്യാര്‍ത്ഥികളെ കമിതാക്കളെന്ന് ആരോപിച്ച് നാട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം.
പതിനേഴ് വയസുകാരനായ ആണ്‍കുട്ടിയും പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയും പ്‌ളസ് ടു വിദ്യാര്‍ത്ഥികളാണ്. ഇരുവരും ചൊവ്വാഴ്ച രാത്രിയിൽ സംസാരിച്ച് നില്‍ക്കുന്നത് ചിലര്‍ കണ്ടു. അതിനു പിന്നാലെ ഇവര്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ച് ഇരുവരുടെയും മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഗ്രാമവാസികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തില്‍ വച്ച് മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഇരുവരുടെയും വിവാഹം നടത്തി.
read also : ആരും തേടിയെത്താത്ത അനാഥ മൃതശരീരങ്ങൾ വിറ്റ് ജനറൽ ആശുപത്രി നേടിയത് അരക്കോടിയിലേറെ രൂപ
സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി. ഈ വിവാഹ കാര്യം പുറത്തറിഞ്ഞതോടെ തിരുവോണം പഞ്ചായത്ത് യൂണിയന്‍ വെല്‍ഫയര്‍ ഓഫീസര്‍ കമലാദേവി പൊലീസില്‍ വിവരമറിയിച്ചു. രാജ (51), അയ്യാവു (55), രാമന്‍ (62), ഗോപു (38), നാടിമുത്തു(40), കണ്ണിയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 147 (കലാപത്തിനുള്ള ശിക്ഷ), 341 (തെറ്റായ നിയന്ത്രണത്തിനുള്ള ശിക്ഷ), ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments