ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിയതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഇതിനിടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴെന്റെ കുഞ്ഞുങ്ങളെ,’ എന്നാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. ബാലുശ്ശേരി എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുടെ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, ബാലുശ്ശേരി ഗവണ്‍മെന്റ് എച്ച് എസ് എസില്‍ യൂനിഫോം പാന്റും ഷര്‍ട്ടുമാക്കി മാറ്റിയതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. യൂനിഫോമിനെതിരെ മുസ്ലിം ലീഗ്, എം.എസ്.എഫ് തുടങ്ങിയവര്‍ രംഗത്തെത്തി. ഇടതുസര്‍ക്കാര്‍ കുട്ടികളില്‍ പുരോഗമന വാദം അടിച്ചേല്‍പ്പിക്കുകയാണെന്നും വസ്ത്ര സ്വാതന്ത്ര്യം എന്നൊന്നുണ്ട് എന്ന് തിരിച്ചറിയണമെന്നും എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞു.
വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കന്‍ററി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്. എന്നാല്‍ ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് എന്നാണു ഉയരുന്ന ആരോപണം. രക്ഷിതാക്കളുമായും വിദ്യാര്‍ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
Post Your Comments