ബെംഗളൂരു: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ചർമ്മം വെച്ച് പിടിപ്പിക്കുന്നു. ഇദ്ദേഹത്തിന് വെച്ച് പിടിപ്പിക്കാനുള്ള സ്‌കിൻ ഗ്രാഫ്റ്റ് ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്‌കിൻ ബാങ്ക് ആണ് കൈമാറിയത്. നിലവിൽ വ്യോമസേന കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയാണ് വരുൺ സിങ്.
വരുൺ സിങ്ങിന്റെ ജീവൻ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ചർമ്മം വെച്ച് പിടിപ്പിക്കാനുള്ള സാധ്യത തേടുന്നത്. നിലവിൽ എത്തിച്ച സ്‌കിൻ ഗ്രാഫ്റ്റ് അദ്ദേഹത്തിന് വെച്ച് പിടിപ്പിച്ചതിന് ശേഷം കൂടുതൽ ആവശ്യമാണെങ്കിൽ മുംബൈയിലെയോ, ചെന്നൈയിലെയോ സ്‌കിൻ ബാങ്കുകളിൽ നിന്ന് വാങ്ങാനാണ് തീരുമാനം.
അതേസമയം, ഇപ്പോൾ എത്തിച്ചിരിക്കുന്ന ചർമ്മം ഉടൻ വെച്ച് പിടിപ്പിക്കാനാകില്ലെന്ന് സീനിയർ പ്ലാസ്റ്റിക് സർജനായ ഡോ.ഗുണശേഖർ വുപ്പുലപതി പറഞ്ഞു. ചില രാസപ്രക്രിയകളിലൂടെയാണ് ചർമ്മം സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ എട്ട് ആഴ്ച വരെയെങ്കിലും ഇതിന് സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments