വാരാണസി: ഇന്നലെ മുഴുവൻ വിശ്രമമില്ലാതെ തിരക്കുകൾ ഉണ്ടായിട്ടും അർധരാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ ക്ഷേത്ര പരിസരവും കാശിവിശ്വനാഥ ധാമും കാൽനടയായി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷമായിരുന്നു സന്ദർശനം. യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് കാൽനടയായി വാരാണസിയിലെ ക്ഷേത്ര പരിസരത്ത് സഞ്ചരിച്ചു.
ബനാറസ് റെയിൽവേ സ്റ്റേഷനും മോദി സന്ദർശിച്ചു. പ്രധാനമന്ത്രി തന്നെ സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അർധരാത്രിയിൽ ക്ഷേത്ര പരിസരത്ത് കാൽനടയായി യാത്ര ചെയ്യുന്നതും നവീകരിച്ച റെയിൽവേ സ്റ്റഷൻ സന്ദർശിക്കുന്നതിന്റേയും ചിത്രങ്ങളാണ് മോദി പങ്കുവെച്ചത്. മോദിക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു.
കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ധാം ഇടനാഴി തുറന്നു കൊടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ തങ്ങുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വർവേദ് മഹാമന്ദിർ സന്ദർശിച്ചശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.
Post Your Comments