തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേലയെ കുറിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് പാരിതോഷികമായി നല്‍കുന്നത്. ബാലവേല നിയമപരമായി നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പവും ഇടനിലക്കാര്‍ വഴിയും കുട്ടികളെ കേരളത്തില്‍ ജോലി ചെയ്യിപ്പിക്കുന്നതിനായി കൊണ്ടുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Read Also : തലയില്‍ ചുമട് എടുക്കരുത്: ഇത് നിരോധിക്കേണ്ടതാണെന്ന് ഹൈക്കോടതി
ചെല്‍ഡ് ആന്റ് അഡോളസെന്റ് ലേബര്‍ നിയമപ്രകാരം 14 വയസ് പൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിയില്‍ ഏര്‍പ്പെടുത്താന്‍ പാടില്ല. 14 വയസ് കഴിഞ്ഞതും 18 വയസ് പൂര്‍ത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു.
കൊവിഡ് കാലത്ത് പല സ്ഥലങ്ങളിലും ബാലവേല റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. അതിനാലാണ് ബാലവേല തടയാന്‍ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്താന്‍ ഈ പദ്ധതി ആരംഭിക്കുന്നത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ടത്. ഇവരുടെ ഫോണ്‍ നമ്പരുകള്‍ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കില്‍ ലഭ്യമാണ്.
Post Your Comments