കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം കൊണ്ടുവരുന്നതിനെതിരെ ഹരിത സംസ്ഥാന പ്രസിഡന്റ് പി.എച്ച് ആയിശ ബാനു. വിദ്യാർത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് ആയിശ വ്യക്തമാക്കി. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത പരിഷ്കരണം യഥാർത്ഥത്തിൽ അടിച്ചേൽപ്പിക്കലാണ് എന്നതിനാൽ ഈ ആശയത്തോട് പൂർണ്ണമായും വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്ന് ആയിശ ബാനു ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത പരിഷ്കരണം യഥാർത്ഥത്തിൽ അടിച്ചേൽപ്പിക്കലാണ് എന്നതിനാൽ പൂർണ്ണമായും ഈ കൺസപ്റ്റിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു. സമത്വത്തിന് വേണ്ടിയുള്ള അഭിനയ അരങ്ങുകളാണ് പലയിടങ്ങളിലും കാണപ്പെടുന്നത്.ജെൻ്റർ ഇക്വാലിറ്റിയെ കുറിച്ചല്ല , തുല്ല്യ നീതിയെ കുറിച്ചാണ് നാം ചർച്ച ചെയ്യേണ്ടത്.
‘പെണ്ണ്’ എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങൾ കീഴടക്കാനുമാണ് കുഞ്ഞുനാൾ തൊട്ട് പഠിപ്പിക്കേണ്ടത്. പെണ്ണിൻ്റെ അളവ് കോൽ ആണാണെന്ന മിഥ്യാധാരണയാണ് മാറേണ്ടത്! ജൻഡർ ന്യൂട്രാലിറ്റി എന്ന കൺസപ്റ്റിൽ ആൺകുട്ടികളുപയോഗിക്കുന്ന അതേ വസ്ത്രം തന്നെ വിദ്യാർത്ഥിനികൾ ധരിക്കണമെന്ന് നിർബന്ധിക്കുന്നത് അടിച്ചേൽപ്പിക്കലും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്.
മാത്രമല്ല, സെലക്റ്റിവ് സമത്വം സ്ത്രീ എന്ന ഐഡൻറിറ്റിയെ തരം താഴ്ത്തുന്നതിന് തുല്യമാണ്. സമത്വമെന്ന് പറയുമ്പോൾ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം ഫോളോ ചെയ്യുക എന്നല്ലല്ലോ ! ആണാവാൻ പെണ്ണ് ശ്രമിക്കുക എന്നതുമല്ല. ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് പോലെ പെണ്ണിന്റെ വസ്ത്രം ആൺകുട്ടികളും ധരിക്കുമ്പോഴല്ലേ ഇത്തരത്തിലുള്ള തലതിരിഞ്ഞ സമത്വ കാഴ്ചപ്പാട് പുലരുന്നത്. അത് പ്രായോഗികമല്ല എന്നത് എല്ലാവർക്കും അറിയുന്നതുമാണ്. അതിനാൽ സമത്വമെന്നത് ആൺവസ്ത്രം പെണ്ണ് ധരിക്കലാണെന്ന ചിന്ത പോലും അസംബന്ധമാണ്. കൂടാതെ, ഈ ഒരു കൺസെപ്റ്റിനെ ഒരിക്കലും അംഗീകരിക്കാനാവാത്ത വിദ്യാർത്ഥിനികളുടെ ചോയ്സ് ആണ് നിഷേധിക്കപ്പെടുന്നത്. ജൻഡർ ന്യൂട്രൽ യൂണിഫോം എതിർക്കപ്പെടേണ്ടത് തന്നെയാണ്.. അത് പുരോഗമനത്തിൻ്റെ അടയാളമല്ല! പെൺകുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണ്!
Post Your Comments