കൊച്ചി: സർവകലാശാലാ ചാൻസലർ സ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനു നൽകിയ കത്തിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഗവർണറെ വിമർശിച്ച് മുൻ ജഡ്ജി എസ്. സുദീപ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നു സ്വയം ബോദ്ധ്യമുള്ള ഗവർണർ ഒഴിയേണ്ടത് ചാൻസലർ പദവിയല്ലെന്നും ഗവർണർ പദവിയാണെന്നും എസ് സുദീപ് വിമർശിച്ചു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് പരസ്യമായി ആവർത്തിക്കുന്ന ആരിഫ് ഖാന് ഗവർണർ സ്ഥാനത്ത് തുടരാൻ എന്താണ് യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു.
‘ഗവർണർ പദവി ഒരു അധികപ്പറ്റാണ്, പൊതുഖജനാവിൻ്റെ ദുർവ്യയമാണ്. മന്ത്രിസഭയ്ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനായി മാത്രം ഒരു ഗവർണറെ തീറ്റിപ്പോറ്റേണ്ട ഒരാവശ്യവുമില്ല. സത്യപ്രതിജ്ഞ ചൊല്ലാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കിൽ ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പ്രതിനിധിയോ മതി. സംസ്ഥാന സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്ന ജോലി ഇന്ത്യൻ പ്രസിഡൻ്റിനു ചെയ്യാം. ചാൻസലർ പദവി മുഖ്യമന്ത്രിക്കോ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ വഹിക്കാം. സംഘപരിവാർ ഏജൻ്റ് എന്ന ഏകയോഗ്യത മാത്രം കൈമുതലായ കടൽക്കിഴവന്മാരെ കുടിയിരുത്താൻ വേണ്ടിയുള്ള ഗവർണർ പദവിയാണ് എടുത്തു കളയേണ്ടത്’, സുദീപ് വ്യക്തമാക്കി.
എസ് സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
രാജിവയ്ക്കേണ്ടത് കേരള ഗവർണറാണ്. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് പരസ്യമായി ആവർത്തിക്കുന്ന ആരിഫ് ഖാന് ആ സ്ഥാനത്തു തുടരാൻ എന്താണ് അർഹത? തങ്ങൾ വഴിവിട്ടു പ്രവർത്തിച്ചതായി സർക്കാർ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഓർക്കണം. എന്നാൽ താൻ സ്വയം വഴിവിട്ടു പ്രവർത്തിച്ചു എന്നു കരയുന്നത് ഗവർണറാണ്. കണ്ണൂർ വിസിയുടെ പുന:നിയമനക്കാര്യത്തിൽ അഡ്വക്കറ്റ് ജനറലിൻ്റെ അനുകൂല നിയമോപദേശം വരെയുണ്ടായിരുന്നു. അത് ഗവർണർക്കു സഹിക്കുന്നില്ല. സർക്കാരിനെ ഉപദേശിക്കാനാണ് മിസ്റ്റർ ഗവർണർ, എ ജി പ്രവർത്തിക്കുന്നത്. അല്ലാതെ കേന്ദ്രത്തിൻ്റെ ഏജൻ്റായ ഗവർണറുടെ താളത്തിനു തുള്ളാനല്ല. എജിയുടെ റിപ്പോർട്ടു കൂടി വന്നതോടെ നിയമനക്കാര്യത്തിൽ എതിർക്കാൻ ഗവർണർക്കു പഴുതില്ലാതായി. നിയമനം അംഗീകരിക്കേണ്ടി വന്നു. അതിന് ഇപ്പോൾ കരയുന്നതെന്തിന്? അന്നെന്തുകൊണ്ട് ഗവർണർ ഫയൽ തിരിച്ചയച്ചില്ല? സർക്കാരുമായി ഏറ്റുമുട്ടലുണ്ടാക്കേണ്ട എന്നു കരുതിയത്രെ! സമ്മർദ്ദങ്ങൾക്കു വഴങ്ങിയത്രെ!
ഒപ്പിട്ടശേഷം സർക്കാരുമായി ഏറ്റുമുട്ടുക തന്നെയല്ലേ ഗവർണർ ചെയ്യുന്നത്? അത് ഒപ്പിടുന്നതിനു മുമ്പും ആകാമായിരുന്നല്ലോ, മിസ്റ്റർ ഗവർണർ? എ ജിയുടെ നിയമോപദേശം എങ്ങനെയാണു സമ്മർദ്ദമാകുന്നത്? വേറൊരു ‘സമ്മർദ്ദവും’ ഗവർണർക്കു പറയാനില്ലെന്നു കൂടി ഓർക്കണം. നിയമവിരുദ്ധമായി പ്രവർത്തിക്കാനല്ല ഗവർണറെ നിയമിച്ചിരിക്കുന്നത്. സമ്മർദ്ദങ്ങൾക്കു വഴിപ്പെടാനുമല്ല. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചെന്നും ‘സമ്മർദ്ദങ്ങൾക്കു’ വഴിപ്പെട്ടെന്നും സ്വയം ആവർത്തിക്കുന്ന ഗവർണറാണ് രാജിവയ്ക്കേണ്ടത്. ഇവിടെ ഇടതു സർക്കാരിനു പകരം യു ഡി എഫ് സർക്കാരും ആരിഫ് ഖാനു പകരം സി പി എം ഗവർണറും ആയിരുന്നെങ്കിൽ ഇവിടുത്തെ വലതുപക്ഷ മാദ്ധ്യമങ്ങൾ എങ്ങനെ അച്ചു നിരത്തുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ?
‘നിയമനം എജിയുടെ ഉപദേശത്തിന്മേൽ, നിയമവിധേയം.’
‘ഗവർണർ പറയുന്ന സമ്മർദ്ദം ഉപദേശം നൽകാൻ ബാദ്ധ്യതപ്പെട്ട എജിയുടേത്.’
‘അന്ന് ഫയൽ മടക്കാതെ ഒപ്പിട്ട ഗവർണർ ഇന്നു മലക്കം മറിഞ്ഞത് സി പി എം ഭീഷണിയെ തുടർന്ന്.’
‘പൊളിറ്റ് ബ്യൂറോ കണ്ണുരുട്ടി, ഗവർണർ വിറച്ചു.’
‘ഗവർണറെ ബ്ലാക്ക് മെയിൽ ചെയ്തത് സി പി എം ഉന്നതൻ്റെ പുത്രൻ.’
‘നിയമവിരുദ്ധനായാണ് താൻ പ്രവർത്തിക്കുന്നതെന്ന് ഗവർണർ, എന്നിട്ടും രാജിവയ്ക്കാതെ അധികാരത്തിൽ കടിച്ചുതൂങ്ങുന്നു.’ നിയമവിരുദ്ധനാണെന്നു സ്വയം സമ്മതിച്ച ഗവർണർ ഇടതു വിരുദ്ധനായതു കൊണ്ട് ഇപ്പോൾ ഇര മാത്രമായി. എന്നിട്ടു പറയുന്ന ന്യായം കൂടി കേൾക്കണം! താൻ വിസിയെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ഗവർണർ സമ്മതിച്ച സ്ഥിതിക്ക് ഗവർണർക്ക് വിസി നിയമനത്തെ കോടതിയിൽ ന്യായീകരിക്കാൻ കഴിയാത്തതിനാൽ വി സി രാജിവയ്ക്കണമെന്ന്!
നിയമനം നിയമവിരുദ്ധമാണെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യുക, കോടതി തീരുമാനിക്കുക. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നു സ്വയം ബോദ്ധ്യമുള്ള ഗവർണർ ഒഴിയേണ്ടത് ചാൻസലർ പദവിയല്ല, ഗവർണർ പദവിയാണ്. ഗവർണർ പദവി ഒരു അധികപ്പറ്റാണ്, പൊതുഖജനാവിൻ്റെ ദുർവ്യയമാണ്. മന്ത്രിസഭയ്ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനായി മാത്രം ഒരു ഗവർണറെ തീറ്റിപ്പോറ്റേണ്ട ഒരാവശ്യവുമില്ല. സത്യപ്രതിജ്ഞ ചൊല്ലാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കിൽ ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പ്രതിനിധിയോ മതി. സംസ്ഥാന സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്ന ജോലി ഇന്ത്യൻ പ്രസിഡൻ്റിനു ചെയ്യാം. ചാൻസലർ പദവി മുഖ്യമന്ത്രിക്കോ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ വഹിക്കാം. സംഘപരിവാർ ഏജൻ്റ് എന്ന ഏകയോഗ്യത മാത്രം കൈമുതലായ കടൽക്കിഴവന്മാരെ കുടിയിരുത്താൻ വേണ്ടിയുള്ള ഗവർണർ പദവിയാണ് എടുത്തു കളയേണ്ടത്.
Post Your Comments